
ഏഴുമറ്റൂർ: നീണ്ടു വളർന്ന് വളഞ്ഞ കൊമ്പിൽ തീയും കൊളുത്തി നിരനിരയായി വരുന്ന വലിയ പശുക്കളെ ബാഹുബലി സിനിമയുടെ രണ്ടാം ഭാഗത്ത് കണ്ടിട്ടുണ്ട്. എന്നാൽ അതേ പശുക്കളെ നേരിൽ കണ്ട ത്രില്ലിലായിരുന്നു കോന്നി ഗവ. എൽ.പി.എസിലെ നൂറ്റിമുപ്പതോളം കുട്ടികളും അവരുടെ അദ്ധ്യാപകരും. എഴുമറ്റൂർ അമൃതധാര ഗോശാലയിലേക്ക് നടത്തിയ പഠന യാത്രയിലാണ് അവർ ബാഹുബലിയിലെ പശു ഇനമായ കാങ്കറേജിനെ നേരിട്ടു കണ്ടത്. കൊമ്പിന്റെ പ്രത്യേകതയാണ് കാങ്കറേജിനെ വ്യത്യസ്തമാക്കുന്നത്.
അതു മാത്രമായിരുന്നില്ല കൗതുകങ്ങൾ. വെച്ചൂർ കുള്ളൻ, ഗീർ, സഹിവാൾ തുടങ്ങി ഇന്ത്യയുടെ വടക്കേയറ്റം മുതൽ തെക്കേയറ്റം വരെയുളള സംസ്ഥാനങ്ങളിലെ വംശനാശം നേരിട്ടു കൊണ്ടിരിക്കുന്നത് അടക്കമുള്ള നാടൻ പശുക്കളെ നേരിൽ കണ്ടു. അവയുടെ കിടാങ്ങൾക്കൊപ്പം തുള്ളിക്കളിച്ചു. കുട്ടികൾ അവരുടെ വീടിന് ചുറ്റുപാടമുള്ള സങ്കര ഇനം പശുക്കളെ മാത്രം കണ്ടു പരിചയച്ചവരാണ്. നാടൻ പശുക്കളും സങ്കര ഇനങ്ങളും തമ്മിലുളള വ്യത്യാസം ഗോശാല ഉടമ കൂടിയായ അജയകുമാർ വല്യൂഴത്തിൽ കുട്ടികൾക്ക് വിവരിച്ചു നൽകി. അദ്ധ്യാപകർക്കും അതൊക്കെ പുതിയ അറിവുകളായിരുന്നു. കുട്ടികളിൽ പലരുടെയും വീടുകളിൽ പശുക്കളും ആടുകളുമുണ്ട്. എന്നാൽ, അവയുടെ ഇനമേതെന്നോ നാടനാണോ വിദേശിയാണോ സങ്കര ഇനമാണോ എന്നീ കാര്യങ്ങളൊന്നും അവർക്ക് അറിയില്ലായിരുന്നു. നാടൻ പശുക്കളുടെ പ്രതിരോധ ശേഷി, പാലിന്റെയും ചാണകത്തിന്റെയും മേന്മ, ഗോമൂത്രത്തിലും ചാണകത്തിലും നിന്നും ഉൽപാദിപ്പിക്കുന്ന വളങ്ങൾ, സാമ്പ്രാണിത്തിരി പോലെയുള്ള മറ്റ് ഉൽപന്നങ്ങൾ, ലേപനങ്ങൾ എന്നിവ കണ്ട് കുട്ടികൾക്കൊപ്പം അദ്ധ്യാപകരും അത്ഭുതം കൂറി. ജൈവകൃഷിയുടെ പ്രചാരകൻ കൂടിയാണ് അജയകുമാർ വല്യുഴത്തിൽ. അതു കൊണ്ടു തന്നെ ജൈവവൈവിദ്ധ്യ ബോർഡിന്റെ പഠന കേന്ദ്രം കൂടിയാക്കി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് അമൃത ധാര ഗോശാല. ജില്ലയിലെ വിവിധ സ്‌കൂളുകളിൽ നിന്ന് നാടൻ പശുക്കളെ കാണാനും ജൈവകൃഷി രീതിയെ കുറിച്ച് അറിയാനും കുട്ടികൾ ഇവിടേക്ക് പഠന യാത്ര നടത്തുന്നു.
കോന്നി സ്‌കൂളിൽ നിന്ന് പ്രധാന അദ്ധ്യാപിക പി. സുജ, പി.ടി.എ പ്രസിഡന്റ് അഡ്വ. സുനിൽ എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടികൾ എത്തിയത്.