 
റാന്നി: ദേശീയ ഹൈവേ വിഭാഗം ഏറ്റെടുത്ത മണ്ണാറക്കുളഞ്ഞി -ഇലവുങ്കൽ ശബരിമല പാതയുടെ വികസനത്തിന് തുടക്കം. ആദ്യഘട്ടമായി മണ്ണാറക്കുളഞ്ഞി മുതൽ വടശേരിക്കര വരെയുള്ള ഓടകളുടെ നിർമ്മാണമാണ് നടക്കുന്നത്. രണ്ട് വർഷം മുമ്പാണ് പൊതുമരാമത്തു വകുപ്പിൽ നിന്ന് റോഡ് ദേശീയ ഹൈവേ വിഭാഗം ഏറ്റെടുത്തത്. ജൂണിന് മുമ്പ് നിർമ്മാണം പൂർത്തിയാകുമെന്ന് അധികൃതർ പറഞ്ഞു. മുണ്ടക്കയം -ഭരണിക്കാവ് ദേശീയ ഹൈവേ 183 എ യിലാണ് പാതയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ദേശീയ ഹൈവേ പുനലൂർ സെക്ഷനാണ് പാതയുടെ ചുമതല. ഗോവ ആസ്ഥാനമായ ഹുൺട്രോളി ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡാണ് നിർമ്മാണ കരാറെടുത്തിരിക്കുന്നത്. റോഡ് ഏറ്റവും മോശമായിക്കിടക്കുന്ന ളാഹവരെ ബി ആൻഡ് ബി സി നിലവാരത്തിൽ നിർമ്മാണം വേഗത്തിൽ തീർക്കും. കഴിഞ്ഞ തീർത്ഥാടനത്തിന് മുമ്പ് റോഡിന്റെ കുഴിയടയ്ക്കൽ നടത്തിയത് ദേശീയ ഹൈവേ വിഭാഗമാണ്. പുനലൂർ -മൂവാറ്റുപുഴ സംസ്ഥാന പാതയുടെ നിർമ്മാണം കോന്നിവരെ ഏതാണ്ട് പൂർത്തിയായിക്കഴിഞ്ഞു. സംസ്ഥാന പാതയുടെ വികസനവും ഒപ്പം ശബരിമല പാതയുടെ പുനരുദ്ധാരണവും പൂർത്തിയാകുന്നതോടെ അടുത്ത തീർത്ഥാടന കാലത്തെങ്കിലും മണ്ണാറകുളഞ്ഞി- ഇളവുങ്കൽ പാതയിലൂടെ യാത്ര സുഗമമാകുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ.