പത്തനംതിട്ട: ജില്ലയിൽ കെ റെയിൽ വിരുദ്ധസമരം ശക്തമാക്കാൻ ബി.ജെ.പി നേതൃത്വം. നാളെ രാവിലെ 10 ന് പന്തളം നാനാക് ഓഡിറ്റോറിയത്തിൽ നടക്കുന്ന ജനകീയ കൺവെൻഷൻ ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് വി. എ. സൂരജ് അദ്ധ്യക്ഷത വഹിക്കും. പശ്ചിമഘട്ട സംരക്ഷണ സമിതി ചെയർമാൻ ജോൺ പെരുവന്താനം, സംസ്ഥാന പരിസ്ഥിതി അവാർഡ് ജേതാവ് കോട്ടാങ്ങൽ ഗോപിനാഥ പിള്ള എന്നിവർ മുഖ്യപ്രഭാഷണം നടത്തും . 26ന് വൈകിട്ട് 3 ന് കുന്നന്താനത്തു നിന്ന് മല്ലപ്പള്ളിയിലേക്ക് പദയാത്ര നടക്കും. പദയാത്രയുടെ ഉദ്ഘാടനം ദേശീയ ഉപാദ്ധ്യക്ഷൻ എ.പി . അബ്ദുള്ളക്കുട്ടി നിർവഹിക്കും. കുടിയൊഴിപ്പിക്കുന്നവരുടെ കൂട്ടായ്മയും സംഘടിപ്പിക്കും .
പ്രളയവും കൊവിഡും രൂക്ഷമായി ബാധിച്ച ജില്ലയിൽ ജനങ്ങൾ ആഘാതങ്ങളിൽ നിന്ന് കരകയറി വരുമ്പോഴാണ് പദ്ധതിയുടെ പേരിൽ സർവതും തട്ടിയെടുക്കാൻ സർക്കാർ നേതൃത്വം കൊടുക്കുന്നതെന്ന് ഭാരവാഹികൾ ആരോപിച്ചു.
വാർത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് വി.എ. സൂരജ് ,ജനറൽ സെക്രട്ടറി പ്രദീപ് അയിരൂർ, ജില്ലാ വൈസ് പ്രസിഡന്റ് കെ. ബിനുമോൻ, കർഷക മോർച്ച ജില്ലാ പ്രസിഡന്റ് ശ്യാം തട്ടയിൽ എന്നിവർ പങ്കെടുത്തു .