പത്തനംതിട്ട: കെ.എസ്.ഇ.ബി ലിമിറ്റഡിന്റെ അധീനതയിലുള്ള ശബരിഗിരി പദ്ധതിയിൽ പരമാവധി വൈദ്യുതോത്പാദനം നടത്തുകയാണ്. വൈദ്യുതോത്പാദനം നടത്തുന്ന ജലം കക്കാട് പവർ ഹൗസിലെ വൈദ്യുതോത്പാദനത്തിന് ആവശ്യമുള്ളതിനേക്കാൾ കൂടുതലാണ്. അതിനാൽ മൂഴിയാർ ഡാമിലെ അധികജലം ഡാമിന്റെ പരമാവധി ശേഷിയായ 192.63 എത്തുമ്പോൾ മൂഴിയാർ ഡാമിന്റെ മൂന്നു ഷട്ടറുകൾ പരമാവധി 30 സെന്റി മീറ്റർ വീതം ഉയർത്തി ഏതു സമയത്തും ജലം കക്കാട്ട് ആറിലേക്ക് ഒഴുക്കി വിടുന്നതാണ്.തുറന്നു വിടുന്ന ജലം മൂലം ആങ്ങമൂഴി, സീതത്തോട് തുടങ്ങിയ സ്ഥലങ്ങളിൽ നദിയിൽ 15 സെമി വരെ ജലനിരപ്പ് ഉയർന്നേക്കാം. കക്കാട്ടാറിന്റെയും പ്രത്യേകിച്ചു മൂഴിയാർ ഡാം മുതൽ കക്കാട് പവർ ഹൗസ് വരെയുള്ള ഇരുകരകളിൽ താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലർത്തേണ്ടതാണ്. നദികളിൽ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കേണ്ടതുമാണെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്‌സണും ജില്ലാ കളക്ടറുമായ ഡോ. ദിവ്യ എസ്.അയ്യർ അറിയിച്ചു.