 
പത്തനംതിട്ട: കോടതി വ്യവഹാരത്തിലൂടെ എസ്. എൻ.ഡി.പി യോഗത്തെ തകർക്കാൻ നോക്കേണ്ടെന്ന് പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പദ്മകുമാർ പറഞ്ഞു.യൂണിയനിലെ 53 ശാഖകളിലെ പ്രസിഡന്റുമാർ, സെക്രട്ടറിമാർ, വൈസ് പ്രസിഡന്റുമാർ, യൂണിയൻ കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ സംയുക്ത കോൺഫ്രൻസിൽ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
25 വർഷങ്ങൾക്ക് മുൻപ് നേതാവില്ലാത്ത സമുദായം എന്ന പഴികേട്ട സമുദായത്തെ ഇന്നത്തെ രീതിയിലുള്ള മഹാപ്രസ്ഥാനമായി മാറ്റിയത് വെള്ളപ്പാള്ളി നടേശന്റെ നേതൃപാടവമാണ്. 47 വർഷങ്ങൾക്ക് മുൻപാണ് പ്രാധിനിത്യ സ്വഭാവത്തിലൂടെ യോഗം തിരഞ്ഞെടുപ്പുകൾ നടത്തിത്തുടങ്ങിയത്. ആർ. ശങ്കറിന് ശേഷം ഏറ്റവും കൂടുതൽ വിദ്യാഭ്യാസ സ്ഥാപങ്ങൾ ആരംഭിച്ചത് വെള്ളപ്പാള്ളി നടേശന്റെ കാലത്താണ്. 1996 ൽ നടന്ന യോഗം തിരഞ്ഞെടുപ്പിൽ ജനാധിപത്യ രീതിയിലാണ് അദ്ദേഹം യോഗ നേതൃത്വത്തിലേക്ക് കടന്നുവന്നത്. പത്തനംതിട്ട യൂണിയന്റെ ഭവനനിർമ്മാണ പദ്ധതിയായ ഗുരുപ്രസാദത്തിന് ഒരു വിഷുക്കൈനീട്ടം പദ്ധതിയുടെയും യോഗം ജനറൽ സെക്രട്ടറി വെള്ളപ്പാള്ളി നടേശന്റെ ധന്യ സാരഥ്യത്തിന്റെ രതജ ജൂബിലിയുടെയും ഭാഗമായി സമൂഹത്തിലെ പാവപ്പെട്ടവർക്ക് വീടുകൾ നിർമ്മിച്ചുനൽകുന്ന പദ്ധതി വിജയത്തിലേക്ക് കടക്കുകയാണ്. എസ്. എൻ.ഡി.പി..യോഗം ആവിഷ്കരിച്ചു നടപ്പാക്കുന്ന വിവിധ ക്ഷേമപദ്ധതികൾ സമൂഹത്തിലെ പാവപ്പെട്ടവരിലെത്തിക്കാൻ യുണിയൻ, ശാഖാ ഭാരവാഹികൾക്ക് കഴിയണം. യുണിയൻ നിർമ്മിച്ചുനൽകുന്ന പന്ത്രണ്ടാമത് ഭവനമായ വള്ളിക്കോട് ശാഖയിലെ വീടിന്റെ പണികൾ അവസാന ഘട്ടത്തിലാണ്. ഇതിന്റെ പണികൾ പൂർത്തിയായാൽ ഐരവൺ, ചെങ്ങറ ശാഖകളിലെ വീടിന്റെ പണികൾ തുടങ്ങും. വള്ളിക്കോട് ശാഖയിലെ വീടിന്റെ താക്കോൽ വിഷുവിനു കൈമാറാനാണ് ഉദ്ദേശിക്കുന്നത്. വിഷുവിന് ശാഖാ പ്രവർത്തകർ വീടുകളിൽ നിന്ന് സാമൂഹ്യാക്ഷേമനിധി സംഭരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
യോഗം അസിസ്റ്റന്റ് സെക്രട്ടറി, ടി.പി.സുന്ദരേശൻ, യുണിയൻ വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത്, യുണിയൻ സെക്രട്ടറി ഡി. അനിൽകുമാർ, യോഗം ഡയറക്ടർ ബോർഡ് മെമ്പർ സി.എൻ. വിക്രമൻ, യൂണിയൻ കൗൺസിൽ അംഗങ്ങളായ പി.കെ. പ്രസന്നകുമാർ, ജി.സോമനാഥൻ, എസ്. സജിനാഥ്, കെ.എസ്. സുരേശൻ, പി.സലിംകുമാർ, മൈക്രോ ഫിനാസ് കോ ഓർഡിനേറ്റർ കെ.ആർ സലീലനാഥ് എന്നിവർ പങ്കെടുത്തു.