പത്തനംതിട്ട : അഭ്യസ്തവിദ്യർക്ക് നാട്ടിൽതന്നെ തൊഴിൽ നൽകാൻ സർക്കാർ പ്രത്യേക പരിഗണന നൽകുന്നതായി മന്ത്രി വീണാ ജോർജ് പറഞ്ഞു. കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സലൻസ്, ജില്ലാ ഭരണകൂടം, ജില്ലാ പ്ലാനിംഗ് ഓഫീസ്, ജില്ലാ സ്‌കിൽ കമ്മിറ്റി എന്നിവയുമായി ചേർന്ന് സങ്കൽപ്പ് പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച മെഗാ ജോബ് ഫെയർ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.പഴയകാലത്തുനിന്നും പുതിയ കാലമായപ്പോൾ, സാങ്കേതികവിദ്യ ജോലിയുടെ എല്ലാ മേഖലയിലും സമൂലമായ മാറ്റം വരുത്തിയതായി അദ്ധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ പറഞ്ഞു. ജില്ലാ കളക്ടർ ഡോ.ദിവ്യ എസ്. അയ്യർ, പത്തനംതിട്ട നഗരസഭ ചെയർമാൻ സക്കീർ ഹുസൈൻ, ജില്ലാ പ്ലാനിംഗ് ഓഫീസർ സാബു സി.മാത്യു, പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് പ്രിൻസിപ്പൽ ഫിലിപ്പോസ് ഉമ്മൻ എന്നിവർ പ്രസംഗിച്ചു. എൻ.എസ്‌.ക്യു.എഫ് അനുസൃതമായ ഹ്രസ്വകാല നൈപുണ്യ പരിശീലനം കഴിഞ്ഞ ഉദ്യോഗാർത്ഥികൾ, എൻജിനീയറിംഗ്, ടെക്‌നോളജി,ഐടി,ആരോഗ്യം, ടൂറിസം, ഓട്ടോമൊബൈൽ, വിദ്യാഭ്യാസം, മീഡിയ, വാണിജ്യ വ്യവസായം, സെയിൽസ് മാർക്കറ്റിംഗ് തുടങ്ങിയ വിവിധ മേഖലകളിലെ തൊഴിൽ ദാതാക്കളും അഭ്യസ്തവിദ്യരായ യുവതീ യുവാക്കളും തൊഴിൽ മേളയിൽ പങ്കെടുത്തു. 145 തൊഴിൽ ഇനങ്ങളിൽ 3,500 വിവിധ തൊഴിൽ അവസരങ്ങളിലേക്ക് പരിഗണിക്കുകയും തുടർ നടപടി സ്വീകരിക്കുകയും ചെയ്തു.