പത്തനംതിട്ട :ചാണകം വാണിജ്യ അടിസ്ഥാനത്തിൽ സംസ്‌കരിച്ച് കൃഷിയ്ക്ക് ഉൾപ്പെടെ
ഉപയോഗിക്കുന്നത് പ്രോൽസാഹിപ്പിക്കുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. കുളനട ക്ഷീരവികസന യൂണിറ്റിന്റെ ഈ വർഷത്തെ ബ്ലോക്ക് ക്ഷീരസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ചാണകം ഗുണപരമായ രീതിയിൽ ഉപയോഗിക്കുന്നത് ക്ഷീരകർഷകർക്ക് വരുമാനം വർദ്ധിക്കാൻ ഇടയാക്കും. ചാണകം ഉണക്കി പായ്ക്കറ്റിലാക്കി കൃഷിക്ക് ഉൾപ്പെടെ ഉപയോഗിക്കാൻ സാധിക്കും. വാണിജ്യ അടിസ്ഥാനത്തിൽ ഇതുമായി ബന്ധപ്പെട്ട് ക്ഷീരകർഷകർക്ക് ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കും. കർഷകർക്ക് വിപണി ഉറപ്പാക്കാൻ സർക്കാർ ശ്രദ്ധ നൽകിയിട്ടുണ്ട്. എല്ലാ പഞ്ചായത്തിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന വെറ്ററിനറി ആശുപത്രി തുടങ്ങാൻ സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ട്. ഫീൽഡ് തലത്തിൽ വെറ്ററിനറി ഡോക്ടർമാരുടെ സേവനം ഉറപ്പാക്കേണ്ടതുണ്ട്. പാൽ ഉത്പാദനത്തിൽ സ്വയം പര്യാപ്തത ഉറപ്പാക്കാൻ പ്രവർത്തനങ്ങൾ നടത്തിവരുകയാണ്. ക്ഷീര കർഷകരുടെ ശാക്തീകരണത്തിനായി കാലിതീറ്റയ്ക്കും പുൽ കൃഷിക്കും ഉൾപ്പെടെ വിവിധ സബ്‌സിഡികൾ സർക്കാർ ഉറപ്പാക്കിയിട്ടുണ്ട്. ക്ഷീരകർഷകരുടെ ഉന്നമനത്തിന് സർക്കാർ അർഹമായ പരിഗണന നൽകിയിട്ടുള്ളതായും മന്ത്രി പറഞ്ഞു. ഏറ്റവും കൂടുതൽ പാൽ സംഭരിച്ച കർഷകനെ മന്ത്രി ആദരിച്ചു. ജില്ലാ പഞ്ചായത്ത് റിവോൾവിംഗ് ഫണ്ട് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ആർ.അജയകുമാർ നിർവഹിച്ചു. ഏറ്റവും കൂടുതൽ പാൽ സംഭരിച്ച സംഘത്തെ പത്തനംതിട്ട ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ആർ.സിന്ധു ആദരിച്ചു.