ഇലന്തൂർ : ഗ്രാമപഞ്ചായത്തിലെ ഈ വർഷത്തെ ബഡ്ജറ്റ് പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി മാത്യുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് പി.എം. ജോൺസൺ അവതരിപ്പിച്ചു. വികസനകാര്യസ്ഥിരം സമിതി ചെയർപേഴ്‌സൺ ഇ.എ. ഇന്ദിര , ക്ഷേമകാര്യസ്ഥിരം സമിതി ചെയർപേഴ്‌സൺ കെ.പി. മുകുന്ദൻ , ആരോഗ്യവും വിദ്യാഭ്യാസവും സ്ഥിരം സമിതി ചെയർപേഴ്‌സൺ കെ.ജെ. സിനി , ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം.എസ്. സിജു, ഗീതാ സദാശിവൻ, ജയശ്രീ മനോജ്, സജി തെക്കുംകര, വിൻസൻ തോമസ്, കെ.ആർ. തുളസിയമ്മ, കെ.ജി. സുരേഷ്, ഗ്രേസി ശാമുവേൽ, പഞ്ചായത്ത് സെക്രട്ടറി ജി അനിൽകുമാർ , വിവിധ നിർവഹണ ഉദ്യോഗസ്ഥർ എന്നിവർ സംസാരിച്ചു.
12,45,05,700 രൂപ വരവും 12,25,78,000 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റിൽ 19,27,700 രൂപ മിച്ചമാണ് . കാർഷികമേഖല, ക്ഷീരവികസനം, വീട് അറ്റകുറ്റപ്പണി, പശ്ചാത്തല സൗകര്യങ്ങൾ, തെരുവു വിളക്ക് പരിപാലനം, പാലിയേറ്റീവ് കെയർ, ഭക്ഷ്യ സുരക്ഷ, മൃഗസംരക്ഷണം, വനിതാശിശു വികസനം, സാമൂഹ്യ സുരക്ഷ, ആസ്തികളുടെ സംരക്ഷണം, കുടിവെള്ള പദ്ധതികൾ, ജലജീവൻ മിഷൻ, നിലാവ് പദ്ധതി, ഘടക സ്ഥാപനങ്ങൾക്ക് ഐഎസ്ഒ, സാറ്റ്‌ലൈറ്റ് മാപ്പിംഗ്, ബയോഡൈവേഴ്‌സിറ്റി രജിസ്റ്റർ പുതുക്കൽ, സുഭിക്ഷ കേരളം പദ്ധതി എന്നിവയ്ക്ക് തുക വകയിരുത്തിയിട്ടുണ്ട്.
ചെറുകിട വ്യവസായം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇലന്തൂർ ഖാദി ഭവനുമായി ചേർന്ന് ഖാദി ഗ്രാമ വ്യവസായം എന്ന പദ്ധതിയിലൂടെ എല്ലാ വാർഡിലെയും ഗുണഭോക്താക്കൾക്കും പരിശീലനം നൽകി, ചർക്കയും തറിയും വിതരണം ചെയ്ത്, വരുമാന മാർഗമായി വികസിപ്പിക്കും.
ഇലന്തൂർ ഗ്രാമപഞ്ചായത്ത് മാർക്കറ്റിലെ കെട്ടിടം നവീകരിച്ച് ഗ്രാമപഞ്ചായത്തിലെ ശുചിത്വ പരിപാലന വിഭാഗത്തിന്റെ ഓഫീസ് മുറി ഉൾപ്പടെ ഉപയോഗ യോഗ്യമാക്കുന്നതിന് ഒരു കോടി രൂപ വകയിരുത്തി.

.