 
ചെങ്ങന്നൂർ: കടമെടുത്തു കേരളത്തെ മുഴുവൻ കെട്ടിത്തൂക്കാനുള്ള കയറാണ് കെ-റെയിൽ പദ്ധതിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.കെ-റെയിൽ കടന്നുപോകുന്ന വില്ലേജുകളിൽ യു.ഡി.എഫ്. നടത്തുന്ന പ്രതിഷേധ ജനസദസുകളുടെ സംസ്ഥാനതല ഉദ്ഘാടനം ചെങ്ങന്നൂരിലെ മുളക്കുഴയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ബംഗാളിലെ നന്ദിഗ്രാമാണ് കേരളത്തിലെ സിൽവർലൈൻ. 6000 പേജുള്ള പദ്ധതിയുടെ ഡി.പി.ആർ. മുഖ്യമന്ത്രി പോലും വായിച്ചിട്ടില്ല. സ്ഥലം നഷ്ടപ്പെടുന്നവർക്കു പുറമേ കേരളം മുഴുവൻ പദ്ധതിയുടെ ഇരകളായി മാറും. പശ്ചിമഘട്ടം മുഴുവൻ ഇടിച്ചുനിരത്തിയാലും നിർമ്മാണ പ്രവർത്തനങ്ങൾക്കാവശ്യമായ പ്രകൃതി വിഭവങ്ങൾ കിട്ടില്ല. പദ്ധതി അബദ്ധ പഞ്ചാംഗമാണ്. 64,000 കോടി ചെലവ് എന്നത് പൊട്ടക്കണക്കും. വ്യാജരേഖകളാണ് ചമച്ചിരിക്കുന്നത്. ഇത് തെളിയിക്കാനും തയ്യാറാണ്. ഇക്കാര്യത്തിൽ സർക്കാരിനെ സംവാദത്തിനു യു.ഡി.എഫ്. ക്ഷണിക്കുന്നു. ജനകീയ സമരത്തിൽ ജനങ്ങളെ ചേർത്തു പിടിച്ചു സമരരംഗത്ത് മുൻനിരയിൽ യു.ഡി.എഫുണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മുളക്കുഴയിൽ കെ-റെയിൽ കല്ലിടലിനെതിരേ പ്രതിഷേധിച്ചതിനു ജയിൽവാസം അനുഭവിച്ച സമരസമിതി നേതാവ് സിന്ധു ജെയിംസിനെ ചടങ്ങിൽ ആദരിച്ചു. യു.ഡി.എഫ്. കൺവീനർ എം.എം. ഹസൻ അദ്ധ്യക്ഷത വഹിച്ചു. ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, കൊടിക്കുന്നിൽ സുരേഷ് എം.പി., എൻ.കെ. പ്രേമചന്ദ്രൻ എം.പി., ആന്റോ ആന്റണി എം.പി., പി.സി. വിഷ്ണുനാഥ്, പി.ജെ. ജോസഫ്, കെ.സി. ജോസഫ്, അനൂപ് ജേക്കബ്, ബി. ബാബുപ്രസാദ്, സതീഷ് കൊച്ചുപറമ്പിൽ, പി. രാജേന്ദ്രപ്രസാദ് എന്നിവർ പ്രസംഗിച്ചു.