ചെങ്ങന്നൂർ: കെറെയിൽ സിൽവർലൈൻ പദ്ധതിക്കായി ഫ്രഞ്ച് കൺസൾട്ടൻസിയെ നിയമിച്ചതിൽ അഴിമതിയുണ്ടെന്നു മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എം.എൽ.എ. പറഞ്ഞു. കെ - റെയിൽ കന്നുപോകുന്ന വില്ലേജുകളിൽ യു.ഡി.എഫ്. നടത്തുന്ന പ്രതിഷേധ ജനസദസുകളുടെ സംസ്ഥാനതല ഉദ്ഘാടനം നടന്ന മുളക്കുഴയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫ്രഞ്ച് കമ്പനിക്ക് കരാർ ലഭിച്ചതിൽ കമ്മീഷന്റെ അടിസ്ഥാനത്തിലാണ്. അഞ്ചു ശതമാനമാണ് കമ്മീഷൻ. മുഖ്യമന്ത്രി നേരിട്ടാണ് ഇടപാട് നടത്തിയത്. കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ കമ്പനിയെയാണ് കൺസൽട്ടന്റായി നിയമിച്ചിരിക്കുന്നത്. അഴിമതി മാത്രമാണ് പദ്ധതിയിലെന്നും ചെന്നിത്തല ആരോപിച്ചു.