george-varughees-
ജോർജ് വറുഗീസ്

ജോർജ് വറുഗീസ് ( ബാബു ), തേക്കുതോട് ഏജന്റ്


കോന്നി: തണ്ണിത്തോട് പഞ്ചായത്തിലെ ശുദ്ധജലവിതരണ പദ്ധതിയുടെ പമ്പ് ഹൗസ് തേക്കുതോട്ടിലെ ഏഴാംതലയിലുണ്ടായിട്ടും തേക്കുതോട്ടിലും പരിസരപ്രദേശങ്ങളിലുമുള്ള ജനങ്ങൾ കുടിവെള്ളത്തിനായി ബുദ്ധിമുട്ടുന്നു. തേക്കുതോട്ടിൽ നിന്ന് മൂർത്തിമണ്ണിലേക്ക് പോകുന്ന വഴിയിലാണ് തേക്കുതോട് ശുദ്ധജലവിതരണ പദ്ധതിയുടെ ഒരു ടാങ്ക് ഉള്ളത്. ടാങ്കിന്റെ മുകൾഭാഗങ്ങളിലെ കുന്നിൻപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് കുടിവെള്ളം ലഭ്യമല്ല. ഇവിടുത്തെ ജനങ്ങൾ ദൂരെ സ്ഥലങ്ങളിൽ നിന്നുമാണ് കുടിവെള്ളം എത്തിക്കുന്നത്. മണിമാരുതിക്കൂട്ടം മേഖലയിലെ ജനങ്ങൾ കല്ലാറ്റിൽ നിന്ന് വെള്ളം കന്നാസുകളിൽ ശേഖരിച്ചു ഉയർന്ന പ്രദേശത്ത് നിന്ന് പൈപ്പുകൾ വഴിയാണ് വീടുകളിൽ എത്തിക്കുന്നത്. മൂർത്തിമണ്ണിൽ തണ്ണിത്തോട് പഞ്ചായത്ത് മൂന്നു സെന്റ് സ്ഥലം കുടിവെള്ള പദ്ധതിയുടെ ആവശ്യത്തിന് വാങ്ങിയിട്ടുണ്ട്. വേനൽ കടുത്തതോടെ കരുമാൻതോട് മന്ദിരം ഭാഗം, തുമ്പാക്കുളം, പൂച്ചക്കുളം, ശ്രീലങ്കൻ മുരുപ്പ് തുടങ്ങിയ പ്രദേശങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷമായി മാറി. ഏഴാംതലയിലേക്ക് പോകുന്ന വഴിയിലെ പകുതി ഭാഗങ്ങൾ മുതൽ കിഴക്കോട്ട് പമ്പു ഹൗസിലെ വെള്ളം എത്തുന്നില്ല. മുൻപ് മൂർത്തിമണ്ണിലും പൂച്ചക്കുളത്തും നടപ്പാക്കിയ ചെറുകിട പദ്ധതികളും പ്രയോജനപ്പെടുന്നില്ല. മൂർത്തിമണ്ണിലെ ഉയർന്ന ഭാഗങ്ങളിലെ ജനങ്ങൾ ജീപ്പുകളിൽ ടാങ്കുകൾ വച്ചാണ് കല്ലാറ്റിൽ നിന്ന് വെള്ളം ശേഖരിക്കുന്നത്. തേക്കുതോട് ചന്തയുടെ മുകൾഭാഗത്ത് താമസിക്കുന്ന ജനങ്ങളും വീടുകളിലെ ആവശ്യത്തിനും വളർത്തുമൃഗങ്ങളെ കുളിപ്പിക്കാനും തുണികൾ അലക്കുന്നതിനും വെള്ളമില്ലാതെ ബുദ്ധിമുട്ടുകയാണ്.