പന്തളം: പന്തളം നഗരസഭയിൽ 17ന് ചട്ടം ലംഘിച്ചവതരിപ്പിച്ച ബഡ്ജറ്റ് ഊതിവീർപ്പിച്ച ബലൂണാണെന്ന് യു.ഡി.എഫ് ആരോപിച്ചു. വാഗ്ദാനങ്ങളുടെ പെരുമഴ മാത്രമാണ് ഇതിൽ. നഗരസഭാ കെട്ടിടം നിർമ്മിക്കുന്നതിനും ഷോപ്പിംഗ് കോംപ്ലക്‌സ് നിർമ്മിക്കുന്നതിനും കോടികൾ നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും ഇതെവിടെ നിന്നും കണ്ടെത്തുമെന്ന് വ്യക്തമാക്കണം. മാലിന്യ സംസ്‌കരണം മുട്ടാർ നീർച്ചാൽ നവീകരണം പൊതുശ്മശാനം ഭൂമി വാങ്ങൽ തുടങ്ങിയവയ്‌ക്കെല്ലാം കോടികൾ വകയിരുത്തിയിട്ടുണ്ടെങ്കിലും ഇത് എവിടെ നിന്നും കണ്ടെത്തുമെന്ന നിർദ്ദേശമില്ല. സാധാരണക്കാരന് ശുചിമുറി പോലും നിർമ്മിക്കാൻ പണം കൊടുക്കാൻ കഴിയാതെ നട്ടം തിരിയുന്ന മുനിസിപ്പാലിറ്റിയായി മാറിയിരിക്കുകയാണ് ശുചിത്വ മിഷന്റെ ഫണ്ടുപോലും വാങ്ങിയെടുക്കാൻ ഭരണ സമിതിക്കായിട്ടില്ല. പ്രളയബാധിത പ്രദേശമെന്ന നിലയിൽ പ്രളയത്തിൽ നിന്നും രക്ഷ നേടാൻ യാതൊരു പദ്ധതിയും തയാറാക്കിയിട്ടില്ല. നിയമ ലംഘനത്തിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ കൗൺസിലർമാർ ബന്ധപ്പെട്ടവർക്കു പരാതി നൽകിയിരിക്കുകയാണ്. അധികാരത്തിൽ വന്ന് രണ്ട് പ്രാവശ്യം അവതരിപ്പിച്ച ബഡ്ജറ്റും ചട്ടമോ നിയമമോ പാലിക്കാതെയാണ് അവതരിപ്പിച്ചത്. സർക്കാർ പദ്ധതികൾ തങ്ങളുടേതാണെന്ന് വരുത്തി തീർക്കാൻ നടത്തുന്ന നീക്കങ്ങൾ ജനങ്ങൾ തിരിച്ചറിയണം. നിയമവും ചട്ടവും ലംഘിച്ച് പ്രവർത്തിക്കുന്ന ജനവഞ്ചകരായ മുനിസിപ്പൽ ഭരണ സമിതി രാജിവയ്ക്കണമെന്നും യു.ഡി.എഫ് കൗൺസിലർമാരായ കെ.ആർ വിജയകുമാർ, കെ.ആർ രവി, പന്തളം മഹേഷ്, സുനിതാ വേണു ,രത്‌നമണി സുരേന്ദ്രൻ എന്നിവർ ആവശ്യപ്പെട്ടു.