bell
പത്തനംതിട്ട പോലീസ് സ്റ്റേഷൻ പരിധിയിൽ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയ്ക്ക് ബെൽ നൽകി ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ ബെൽ ഓഫ് ഫെയ്ത്ത് രണ്ടാം ഘട്ട വിതരണ ഉദ്ഘാടനം നിർവഹിക്കുന്നു.

പത്തനംതിട്ട : ഒറ്റയ്ക്ക് താമസിക്കുന്ന വയോജനങ്ങളുടെ സുരക്ഷയ്ക്കായി സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ചു നടപ്പാക്കിയ ബെൽ ഓഫ് ഫെയ്ത്ത് രണ്ടാംഘട്ട വിതരണ ഉദ്ഘാടനം നടന്നു. പത്തനംതിട്ട പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയ്ക്ക് ബെൽ നൽകി ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ ഉദ്ഘാടനം നിർവഹിച്ചു.
ജില്ലയിൽ ആദ്യഘട്ടത്തിൽ 381 ബെല്ലുകളായിരുന്നു രണ്ടുവർഷം മുമ്പ് വിതരണം ചെയ്തിരുന്നത്. വീടുകളിൽ സ്ഥാപിക്കുന്ന ബെല്ലുകൾ അമർത്തിയാൽ ഉച്ചത്തിൽ അലാറം മുഴങ്ങുകയും അയൽവാസികൾ വിവരം അറിഞ്ഞ് ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിൽ അറിയിക്കുന്നതിലൂടെ പെട്ടെന്ന് സഹായം ലഭ്യമാക്കാനാവും.
ജനമൈത്രി പൊലീസ് പദ്ധതിയുടെ ഭാഗമായാണ് ഇത് നടപ്പാക്കിവരുന്നത്. പന്തളം പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട ഒരു വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചുവന്ന വയോധിക കുളിമുറിയിൽ വീണ് തലപൊട്ടിയ സംഭവത്തിൽ ഇത്തരം സേവനം ഉടനടി ലഭ്യമായിരുന്നു.
ചടങ്ങിൽ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പിയും ജനമൈത്രി ജില്ലാ നോഡൽ ഓഫീസറുമായ ജെ. ഉമേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. അടൂർ ഡിവൈ.എസ്.പി ആർ. ബിനു, പന്തളം പൊലീസ് ഇൻസ്‌പെക്ടർ ശ്രീകുമാർ, ജനമൈത്രി പദ്ധതി ജില്ലാ അസിസ്റ്റന്റ് നോഡൽ ഓഫീസർ എ. ബിനു എന്നിവർ സംസാരിച്ചു.