അടൂർ : നിയോജക മണ്ഡലത്തിലെ പട്ടികജാതി കോളനികളായ ഏഴംകുളം ചിത്തിര കോളനി, പന്തളം വല്യയ്യത്ത് കോളനി എന്നിവയുടെ നവീകരണത്തിന് ഓരോ കോടി രൂപാ വീതം അനുവദിച്ചതായി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അറിയിച്ചു. രണ്ട് പട്ടിക ജാതി കോളനികൾക്ക് ഒരു കോടി രൂപ അടങ്കൽ വീതം ലഭ്യമാക്കി. പട്ടികജാതി വികസന വകുപ്പിന്റെ സമ്പൂർണ കോളനി നവീകരണ പദ്ധതിയായ അംബേദ്ക്കർ ഗ്രാമവികസന പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനായി നിയമസഭാ സാമാജികനെന്ന നിലയിൽ നിർദേശിച്ചിരുന്നതായ ഏഴംകുളം പഞ്ചായത്തിലെ ചിത്തിര കോളനി, പന്തളം നഗരസഭ വല്യയ്യത്ത് കോളനി എന്നിവയ്ക്കാണ് കഴിഞ്ഞ ദിവസം പദ്ധതി അംഗീകരിച്ച് ഓരോകോടി രൂപവീതം ഫണ്ട് ലഭ്യമാക്കിയത്. ഈ സാമ്പത്തിക വർഷം തന്നെ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. കഴിഞ്ഞ കടമ്പനാട് പഞ്ചായത്തിലെ കലവറ, കോളൂർകുഴി കോളനിയുടെ വികസന പ്രവർത്തികൾ 70 ശതമാനത്തോളം തീർന്നിട്ടുള്ളതായും സമീപഭാവിയിൽ തന്നെ പദ്ധതി പൂർത്തീകരിക്കുമെന്നും ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു. അടൂർ നിയമസഭാ സാമാജികനെന്ന നിലയിൽ ഇതിനകം അനുവദിപ്പിച്ച സമ്പൂർണ കോളനി പദ്ധതികളായ ഏറത്ത് മുരുകൻകുന്ന് കോളനി, ഏഴംകുളംകുലശേരി കോളനി, തുമ്പമൺ മുട്ടം കോളനി, പള്ളിക്കൽ മേലൂട് കോളനി, പന്തളം തെക്കേക്കര പടുകോട്ടുക്കൽ അംബേദ്കർ കോളനി അടക്കമുള്ളവയുടെ വികസനം പൂർത്തീകരിച്ച് കഴിഞ്ഞിട്ടുള്ളതാണ്. സമയബന്ധിത വികസനമാണ് പട്ടികജാതി കോളനികളിൽ നടപ്പിലാക്കിയിട്ടുള്ളതെന്നും പിന്നാക്കാവസ്ഥയിൽ ഉള്ളതായ മണ്ഡലത്തിലെ ഇതര പഞ്ചായത്തുകളിലെ പരമാവധി കോളനികളിലും സമാനമായ വികസനം ഉറപ്പാക്കുന്നതാണെന്നും ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു. ഒപ്പം അടൂർ മുനിസിപ്പാലിറ്റിയിലെ പട്ടികജാതി പ്രീമെട്രിക് ഹോസ്റ്റലിന്റെ ചുറ്റുമതിലടക്കമുള്ള അടിസ്ഥാനസൗകര്യവികസനത്തിനായി 44ലക്ഷം രൂപ വകുപ്പുതല ഫണ്ടും ലഭ്യമാക്കാനായിട്ടുണ്ട്. നിലവിൽ അംബേദ്കർ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഈ രണ്ട് കോളനികളുടെ നിർവഹണം സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കുന്നതിന് നിർദേശം നൽകിയതായും ഡെപ്യൂട്ടി സ്പീക്കർ അറിയിച്ചു.