
പന്തളം : എം.സി റോഡിൽ പന്തളം വലിയപാലത്തിന് സമീപം കെ.എസ്.ആർ.ടി.സി ബസ് സ്കൂട്ടറിലിടിച്ച് ദേവസ്വം ബോർഡ് മുൻ മേൽശാന്തി മരിച്ചു. കുളനട കൈപ്പുഴ ചെങ്കില്ലത്തു മഠത്തിൽ ത്രിവിക്രമൻ പോറ്റി (65) യാണ് മരിച്ചത്. ശനിയാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു അപകടം. പന്തളത്തുനിന്ന് വീട്ടിലേക്ക് പോകുകയായിരുന്ന ത്രിവിക്രമൻ പോറ്റി സഞ്ചരിച്ച സ്കൂട്ടറിൽ ചെങ്ങന്നൂർ ഭാഗത്തുനിന്നുവന്ന ഫാസ്റ്റ് പാസഞ്ചർ ബസ് ഇടിക്കുകയായിരുന്നു. എം.സി റോഡിൽ കൈപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം റോഡിലേക്ക് തിരിയുന്ന ഭാഗത്താണ് അപകടം ഉണ്ടായത്. ആദ്യം പന്തളത്തെയും പിന്നീട് തിരുവല്ലയിലെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച പുലർച്ചയോടെ മരിച്ചു. ദേവസ്വം ബോർഡിന്റെ പ്രധാന ക്ഷേത്രങ്ങളിലെ മേൽശാന്തിയായിരുന്നു. യോഗക്ഷേമ സഭ പന്തളം ഉപസഭ പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ : രമണീദേവി. മക്കൾ: രഞ്ജിത്ത് റ്റി. പോറ്റി (ദേവസ്വം ബോർഡ്), രജിത ആർ.ദേവി, മരുമകൻ: ഉണ്ണികൃഷ്ണൻ നമ്പൂതിരി (ദേവസ്വം ബോർഡ്). സംസ്കാരം നടത്തി.