 
അടൂർ: വർഷങ്ങളായി നഗരസഭയുടെ തീരാ ശാപമായിരുന്ന ശ്മശാന നിർമ്മാണത്തിന്റെ നടപടികൾ അവസാന ഘട്ടത്തിലേക്ക്. ഇതിന്റെ ഭാഗമായി അടൂർ നഗരസഭയുടെ നേതൃത്വത്തിൽ നിർമ്മിക്കുന്ന ശ്മാശാനത്തിന്റെ രൂപരേഖ തയാറായി. ഒന്നാം വാർഡിൽ മിത്രപുരം നാൽപ്പതിനായിരം പടിക്കു സമീപം നഗരസഭയുടെ ഒന്നരയേക്കർ സ്ഥലത്തിന്റെ ഒരു ഭാഗത്താണ് പ്രകൃതി സൗഹൃദ ശ്മശാനം നിർമ്മിക്കുന്നത്. കിഫ്ബി സഹായത്തോടെ 4.61 കോടി രൂപ വരുന്ന ഡി.പി.ആർ ഇതിനായി തയാറായി. ഗ്യാസിൽ പ്രവർത്തിക്കുന്ന രണ്ട് ചേംബറോടു കൂടിയതാകും ശ്മശാനം. ശ്മശാന നിർമ്മാണത്തിന്റെ ഭാഗമായി ജനുവരി 11ന് മണ്ണുപരിശോധന നടന്നിരുന്നു. വർഷങ്ങളായി അടൂർ നഗരസഭയിൽ സംസ്കാരം നടത്താൻ സ്വന്തമായി സ്ഥലമില്ലാത്തവരുടെ അവസ്ഥ വളരെ ദയനീയമായിരുന്നു. വീടിന്റെ ചുവരിളക്കി സംസ്കാരം നടത്തിയ സംഭവങ്ങൾ വരെയുണ്ട്. നിലവിൽ സംസ്കാരത്തിനായി തിരുവല്ല,പത്തനംതിട്ട നഗരസഭകളിലെ പൊതു ശ്മശാനത്തെയാണ് ആശ്രയിച്ചു വരുന്നത്. അടൂർ നഗരസഭയിൽ പൊതു ശ്മശാനം വേണമെന്നത് വർഷങ്ങളായിട്ടുള്ള ജനങ്ങളുടെ ആവശ്യമായിരുന്നു. പക്ഷേ ഈ ആവശ്യം പല കാരണങ്ങളാൽ നീണ്ടുപോയി. നഗരസഭയിലെ പല കോളനികളിലും സ്ഥലമില്ലാത്തതിനാൽ വീട് പൊളിച്ച് അടക്കം ചെയ്ത സംഭവം ഉണ്ടായിട്ടുണ്ട്. 2010 മുതൽ എല്ലാ നഗരസഭ ബഡ്ജറ്റിലും ശ്മശാനത്തിനായി പണം അനുവദിക്കാറുണ്ടായിരുന്നു. പക്ഷേ ശ്മശാനം എവിടെ നിർമ്മിക്കുമെന്ന് തീരുമാനിക്കാൻ പോലും നഗരസഭക്ക് കഴിഞ്ഞിരുന്നില്ല.
നിലവിലുള്ള ഭരണസമിതിയുടെ ശക്തമായ നീക്കമാണ് ശ്മശാന നിർമ്മാണത്തിന് വഴിത്തിരിവായത്. പൊതുശ്മശാനമില്ലാത്ത നഗരസഭ എന്ന പേരുദോഷം ഇതോടെ മാറും. തിരുവനന്തപുരം ശാന്തികവാടത്തിനേക്കാൾ ആകർഷണീയമായ രീതിയിലാകും ശ്മശാന നിർമ്മാണം.
ഡി.സജി.
(അടൂർ നഗരസഭചെയർമാൻ)
........................................
-കിഫ്ബി സഹായത്തോടെ 4.61 കോടി