 
മല്ലപ്പള്ളി : മല്ലപ്പള്ളി ഗ്രാമപഞ്ചായത്തിലെ നാരകത്താനി 67-ാം നമ്പർ അങ്കണവാടിയുടെ കെട്ടിടം പണി നിലച്ചിട്ട് വർഷങ്ങളായി. 2017-18 ൽ ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതിയിൽ 8 ലക്ഷവും ഐ.സി.ഡി.എസ് ഫണ്ടിൽ നിന്ന് 7 ലക്ഷവും രൂപയും ഉൾപ്പെടുത്തിയാണ് നിർമ്മാണം തുടങ്ങിയത്. മൂന്നുവർഷം കഴിഞ്ഞിട്ടും പണി എങ്ങുമെത്തിയിട്ടില്ല. പടുതോട് - എഴുമറ്റൂർ - ബാസ്റ്റോ റോഡിൽ നാരകത്താനി കവലയ്ക്ക് സമീപമാണ് കെട്ടിടം. റോഡ് നിരപ്പിന് താഴെയായി ഹാൾ, റോഡിന് അഭിമുഖമായി അങ്കണവാടി, ഒന്നാം നിലയിൽ വാർഡ് തല കുടുംബശ്രീ ഓഫീസ്, ഗ്രാമകേന്ദ്രം എന്നിവ ഉൾപ്പെടുത്തി മൂന്ന് നിലകളുള്ള കെട്ടിടം നിർമ്മിക്കാനായിരുന്നു പദ്ധതി. പണി മുടങ്ങിയതോടെ കമ്പികൾ തുരുമ്പിച്ചു. പഞ്ചായത്ത് ഫണ്ടും നാട്ടുകാരിൽ നിന്ന് സമാഹരിച്ച തുകയും ഉൾപ്പടെ 3 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടത്തിനായി 3 സെന്റ് സ്ഥലം വാങ്ങിയത്. ഒരു സെന്റ് സൗജന്യമായി ലഭിച്ചു. വാടകക്കെട്ടിടത്തിലാണ് അങ്കണവാടി പ്രവർത്തിക്കുന്നത്. പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.