ചെങ്ങന്നൂർ: വരൾച്ച രൂക്ഷമായതോടെ ചെളിവെളളത്തിൽ കുളിക്കേണ്ട ഗതികേടാണ് പമ്പാനദിയിലെ മിത്രപ്പുഴക്കടവിൽ. ചെളി നീക്കംചെയ്ത് കടവിന് ആഴംകൂട്ടുന്ന ജോലികൾ നടന്നിട്ട് രണ്ടുവർഷം പിന്നിട്ടു. ശബരിമല തീർത്ഥാടകടരക്കം നിരവധിയാളുകൾ കുളിക്കാനിറങ്ങുന്ന കടവാണിത്. കമ്പിവേലിക്കെട്ടിനുള്ളിലെ കടവിന്റെ ഒരു വശത്ത് മുട്ടറ്റംവരെ മാത്രമാണ് വെള്ളമുള്ളത്. മറ്റൊരു വശത്ത് പടവുകളടക്കം തകർന്ന് മാലിന്യം നിറഞ്ഞു കിടക്കുകയാണ്. ശബരിമല തീർത്ഥാടകർ മിത്രപ്പുഴക്കടവിലെത്തി സ്‌നാനം നടത്തി ചെങ്ങന്നൂർ ക്ഷേത്രദർശനത്തിന് ശേഷമാണ് പമ്പയിലേക്ക് പോകുന്നത്. തീർത്ഥാടകരുടെ സുരക്ഷയ്ക്കായി കടവിൽ സുരക്ഷാ വേലികൾ വർഷങ്ങൾക്കു മുമ്പ് സ്ഥാപിച്ചിരുന്നു.
ശുചീകരണം ചെങ്ങന്നൂർ നഗരസഭയുടെയും നവീകരണം മേജർ ഇറിഗേഷന്റെയും പരിധിയിലാണ് . വെള്ളപ്പൊക്കത്തിൽ സ്റ്റെയിൻലെസ് സ്റ്റീൽ സുരക്ഷാവേലിയുടെ കിഴക്കുഭാഗത്ത് മരം വന്നിടിച്ച് ബലക്ഷയം സംഭവിച്ചിരുന്നു. വേലി ബലപ്പെടുത്താനായി പിന്നീട് സ്ഥാപിച്ച സ്റ്റേ വയറുകളിലൊന്ന് കഴിഞ്ഞ വർഷം പൊട്ടിപ്പോയിരുന്നു. ഇത് വെള്ളത്തിൽ വീണുകിടക്കുകയാണ്. ഇതുവരെയും പുനഃസ്ഥാപിച്ചിട്ടില്ല.
നഗരസഭയിലെ നൂറിനടുത്ത് കുടുംബങ്ങളാണ് കടവിനെ ആശ്രയിക്കുന്നത്. വരൾച്ച രൂക്ഷമാകുന്നതോടെ പാണ്ടവൻപ്പാറ, നൂറ്റവൻപ്പാറ അടക്കമുള്ള ഉയർന്ന പ്രദേശങ്ങളിലെ താമസക്കാരും തുണി കഴുകാനും കുളിക്കാനും കടവിലെത്തും. മുങ്ങിനിവരാനുള്ള വെള്ളംപോലും ഇപ്പോൾ കടവിലില്ല. മുൻപ് പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി സ്ഥാപിച്ച ബണ്ടിന്റെ അവശിഷ്ടങ്ങൾ ഇപ്പോഴും കടവിലുണ്ട്. ഇതും നീക്കംചെയ്യണം. കടവ് നവീകരിക്കാത്തതിനാൽ വെള്ളം താഴുന്ന സമയത്ത് കുളിക്കാനാകാത്ത വിധം ചെളിവെള്ളം നിറയുന്ന സ്ഥിതിയാണ്. നദിയിലൂടെ ഒഴുകിയെത്തുന്ന വസ്ത്രങ്ങളും പ്ലാസ്റ്റിക് കുപ്പികളുമുൾപ്പടെയുളള മാലിന്യങ്ങൾ അടിഞ്ഞുകൂടുന്നതും പ്രതിസന്ധിയാണ്. ഇവ നീക്കംചെയ്യാനും നടപടി വേണം. നവീകരണത്തിന് നേരത്തെ എസ്റ്റിമേറ്റെടുത്തെങ്കിലും തുടർ നടപടിയുണ്ടായില്ല.