തിരുവല്ല: നഗരത്തിന്റെ വികസനം ലക്ഷ്യമിടുന്ന പദ്ധതികൾക്ക് പ്രാമുഖ്യം നൽകുന്ന 2022- 23ലെ ബഡ്ജറ്റ് നഗരസഭാ ഉപാദ്ധ്യക്ഷൻ ഫിലിപ്പ് ജോർജ് അവതരിപ്പിച്ചു. മുൻനീക്കിയിരുപ്പ് ഉൾപ്പെടെ 100.54 കോടി വരവും 91.19 കോടി ചെലവും 9.35 കോടി നീക്കിബാക്കിയും പ്രതീക്ഷിക്കുന്നതാണ് ബഡ്ജറ്റ്. നഗരസഭാദ്ധ്യക്ഷ ബിന്ദു ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. വസ്തുനികുതി,തൊഴിൽനികുതി,വാടക,പലിശ ഉൾപ്പെടെയുള്ളവയുടെ വരുമാനം 57കോടി പ്രതീക്ഷിക്കുന്നു.

രാമപുരം, മഞ്ഞാടി, തിരുമൂലപുരം എന്നിവിടങ്ങളിൽ ഷോപ്പിംഗ് കോംപ്ലക്സുകളുടെയും സ്വകാര്യ ബസ് സ്റ്റാൻഡിന്റെയും ഉൾപ്പെടെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക് 13കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇതുകൂടാതെ നഗരപരിധിയിലെ റോഡുകൾ, പാലങ്ങൾ, കലുങ്കുകൾ എന്നിവയുടെ നിർമ്മാണത്തിനും പരിപാലനത്തിനുമായി 13.1കോടി നീക്കിവച്ചിട്ടുണ്ട്. നഗരാസൂത്രണത്തിന് 1.25കോടിയും വകയിരുത്തി. കായികപ്രേമികളുടെ സ്വപ്നമായ പബ്ലിക് സ്റ്റേഡിയത്തിന്റെ നവീകരണത്തിന് മൂന്ന് കോടിയും ചെലവഴിക്കും.

@ സ്വാതന്ത്ര്യത്തിന്റെ 75 -ാം വാർഷികത്തിൽ എല്ലാവർക്കും ഭവനം എന്ന ലക്ഷ്യത്തോടെ സമ്പൂർണ ഭവനപദ്ധതിക്ക് 5.5കോടി ചെലവഴിക്കും. മൂന്ന് വർഷംകൊണ്ട് ഇത് സാദ്ധ്യമാക്കും. വീടില്ലാത്തവരെയും ഭൂമിയും വീടും ഇല്ലാത്തവരെയും പദ്ധതിയിൽ ഉൾപ്പെടുത്തും. സി.എസ്.ആർ വ്യവസ്ഥയിൽ നഗരസഭയിൽ സ്ഥലം കണ്ടെത്തി ഫ്‌ളാറ്റ് നിർമ്മാണം, സ്പോൺസർഷിപ്പോടെ സ്ഥലം ലഭ്യമാക്കി ഭവനനിർമ്മാണം ഇതിനായി ധനസമാഹരണത്തിനും ലക്ഷ്യമിടുന്നു.

@ മാലിന്യരഹിത നഗരം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ശുചിത്വത്തിനും മാലിന്യ സംസ്കരണത്തിനുമായി 3.61കോടി നീക്കിവച്ചു. മാലിന്യംതള്ളുന്ന സ്ഥലങ്ങളിൽ പൂന്തോട്ടം,പാർക്ക് എന്നിവ സജ്ജമാക്കും.തോടുകൾ,കുളങ്ങൾ,കടവുകൾ, ഓടകൾ ശുചീകരണം, ബോധവത്കരണം എന്നിവ നടപ്പാക്കും.


@ കുടിവെള്ള വിതരണത്തിന് 3.5കോടി, ഊർജസംരക്ഷണത്തിന് 2.69കോടി, കൃഷി, മത്സ്യബന്ധനം,അനുബന്ധ മേഖലകൾക്ക് 1.67കോടി, ദാരിദ്ര്യലഘൂകരണം 1.65കോടി, അങ്കണവാടി, മാതൃശിശു സംരക്ഷണം 1.35കോടി, വനിതാക്ഷേമം, കുടുംബശ്രീ 1.15കോടി, മൃഗസംരക്ഷണം,ക്ഷീരവികസനം 65ലക്ഷം,പൊതുവിദ്യാഭ്യാസം 1.55കോടി, പട്ടികജാതി വികസനം 1.8കോടി, ആരോഗ്യം 1.84കോടി, ദുരന്തനിവാരണം 80ലക്ഷം, നഗരസഭാ ഓഫിസ് സേവനലഭ്യത ഉറപ്പാക്കാൻ 80ലക്ഷവും ബഡ്ജറ്റിൽ വകയിരുത്തിയിട്ടുണ്ട്.

എല്ലാം പഴയത് മാത്രം


തിരുവല്ല: കഴിഞ്ഞ സാമ്പത്തിക വർഷം 4.5കോടി രൂപ മാത്രമായിരുന്നു പ്ലാൻ ഫണ്ട്. അതുപോലും ചെലവഴിക്കാൻ കഴിഞ്ഞിട്ടില്ല. 2021-22 വർഷം ഒരു ചെറിയ പദ്ധതിപോലും പൂർത്തീകരിക്കാനോ ആരംഭിക്കാനോ സാധിച്ചിട്ടില്ല. യാതൊരു ബന്ധവും ഇല്ലാതെ കുറച്ചു പ്രഖ്യാപനങ്ങൾ മാത്രം. എല്ലാം പഴയത് മാത്രമാണ്.


പ്രദീപ് മാമ്മൻ മാത്യു
നഗരസഭാ പ്രതിപക്ഷനേതാവ്