 
റാന്നി : പെരുന്തേനരുവി ടൂറിസം പദ്ധതിയുടെ ഭാഗമായി നാറാണംമൂഴി പഞ്ചായത്തിന്റെയും ജില്ലാ ശുചിത്വ മിഷന്റെയും ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ടൊയ്ലെറ്റ് കെട്ടിടം വീണ്ടും കാടുമൂടിയ നിലയിൽ. ഒരു വർഷങ്ങൾക്ക് മുമ്പ് ടൊയ്ലെറ്റ് കാടുമൂടി ഉപയോഗ സൂന്യമാകുന്നെന്ന വാർത്ത കൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. വാർത്ത ശ്രദ്ധയിൽപെട്ട ഉടൻതന്നെ ഈ വിഷയം നാറാണംമൂഴി പഞ്ചായത്ത് കമ്മിറ്റി ചർച്ചക്ക് എടുക്കുകയും അടിയന്തരമായി വെള്ളം, വൈദ്യുതി കണക്ഷനുകൾ എടുത്ത് ശുചിമുറി സഞ്ചാരികൾക്കായി തുറന്ന് കൊടുക്കുവാൻ തീരുമാനിക്കുകയും ചെയ്തു. കാടുമൂടി കിടന്ന കെട്ടിടം വാർഡ് മെമ്പറിന്റെ നേത്വത്വത്തിൽ വൃത്തിയാക്കി. തുടർന്ന് വെള്ളം ഉടൻ എത്തിച്ച് ശുചിമുറി സഞ്ചാരികൾക്കായി തുറന്നുകൊടുക്കുമെന്ന വാഗ്ദാനം ചെയ്യുകയും ചെയ്തു. എന്നാൽ ഇപ്പോഴും പെരുന്തേനരുവിയിൽ വരുന്ന സഞ്ചാരികളായ സ്ത്രീകൾ കെ.എസ്.ഈ.ബി വക ശുചിമുറികളാണ് ഉപയോഗിക്കുന്നത്. ഇതു പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന പരാതി വ്യാപകമാണ്.
12 ടൊയ്ലെറ്റും , വിശ്രമ മുറിയും ഉപയോഗ ശൂന്യം
പെരുന്തേനരുവിയിൽ വരുന്ന വിനോദ സഞ്ചാരികളായ സ്ത്രീകൾക്കും, പുരുഷന്മാർക്കുമായി പണികഴിപ്പിച്ച 12 ടൊയ്‌ലറ്റും, വിശ്രമ മുറിയും അടങ്ങിയ കെട്ടിടമാണ് മൂന്ന് വർഷമായി കാടുമൂടിയ നിലയിൽ കിടന്നിരുന്നത്. 2017 - 2018 കാലയളവിൽ കെട്ടിട നിർമ്മാണം പൂർത്തിയായി പ്ലംബിംഗ് പണികൾ കഴിഞ്ഞെങ്കിലും ഇതുവരെയും വെള്ള കണക്ഷന്റെ സൗകര്യം ഒരുക്കാനായിട്ടില്ല. വീണ്ടും കാടുമൂടി ആളുകൾക്ക് അടുത്തു ചെല്ലാൻ പോലും കഴിയാത്ത സ്ഥിതിയിലാണ് ടൊയ്ലെറ്റിന്റെ ഇപ്പോഴത്തെ സ്ഥിതി.