dyfi-uparodham
ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെബിൻ പി. വ‌ർഗീസിന്റെ നേതൃത്വത്തിൽ നഗരസഭാ ചെയർപേഴ്സൺ മറിയാമ്മ ജോൺ ഫിലിപ്പിനെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഉപരോധിക്കുന്നു

ചെങ്ങന്നൂർ: ചെങ്ങന്നൂ‌ർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ നഗരസഭാ ചെയർപേഴ്സണെ ഉപരോധിച്ചു. ഇന്നലെ രാവിലെ 11നാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെബിൻ പി.വർഗീസിന്റെ നേതൃത്വത്തിലെത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ചെങ്ങന്നൂർ നഗരസഭാ ചെയർപേഴ്സൺ മറിയാമ്മ ജോൺ ഫിലിപ്പിനെ ഉപരോധിച്ചത്.ചെങ്ങന്നൂർ നഗരത്തിലെ പ്രധാന റോഡായ നന്ദാവനം എൻജിനീയറിംഗ് റോഡിന് വീതി വർദ്ധിപ്പിക്കുന്നതിന് നഗരസഭ തടസം നിൽക്കുന്നുവെന്നാരോപിച്ചായിരുന്നു സമരം. റോഡരികിലെ 12 വസ്തു ഉടമകളിൽ സ്വകാര്യ വ്യക്തികളായ 11 പേരും സമ്മതപത്രം നൽകി. എന്നാൽ നിലവിൽ ഫയർ സ്റ്റേഷൻ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഉടമയായ നഗരസഭ ഈ വിഷയത്തിൽ സമ്മതപത്രം നൽകിയിരുന്നില്ല.

സമ്മതപത്രം നൽകാൻ നഗരസഭ തയ്യാറാകാത്ത സാഹചര്യത്തിലാണ് സമരം നടത്തിയതെന്ന് ഡി.വൈ.എഫ്.ഐ സെക്രട്ടറികൂടിയായ ജെബിൻ പി. വർഗീസ് പറഞ്ഞു. ഡി.വൈ.എഫ്.ഐ ഏരിയ പ്രസിഡന്റ് അഭിജിത്ത് പ്രവീൺ, ജില്ലാ കമ്മിറ്റി അംഗം വി വിജേഷ്, നിതിൻ ചെറിയാൻ, ഷെഫീഖ് കൊല്ലകടവ്, അനുഗ്രഹ, കെ എസ് അഭിജിത്ത്, നീനു കെ ജയൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധ സമരം. ചെങ്ങന്നൂർ പൊലീസ് എത്തി സമവായത്തിനു ശ്രമിച്ചെങ്കിലും പ്രവർത്തകർ പിന്മാറിയില്ല.
തുടർന്ന് ചെയർപേഴ്സൺ മന്ത്രി സജി ചെറിയാനുമായി ഫോണിലൂടെ നടത്തിയ ചർച്ചയിൽ വഴി വീതി വർദ്ധിപ്പിക്കുന്നതിനുള്ള സമ്മതപത്രം നൽകുന്നതിനുള്ള ഉറപ്പുനൽകിയെന്ന് ഡി.വൈ.എഫ്.ഐ പ്രവർത്തകർ പറഞ്ഞു.

ഏറെനാളായി മന്ത്രി നടത്താൻ ശ്രമിക്കുന്ന വികസനപ്രവർത്തനങ്ങളെയാകെ തകിടംമറിക്കാൻ ശ്രമിക്കുകായണ് നഗരസഭാ അദ്ധ്യക്ഷതയുടെ നേതൃത്വത്തിലുളള ഭരണസമിതിയെന്ന് സമരത്തിന് നേതൃത്വം നൽകിയതെന്ന് ജെബിൻ പി. വർഗീസ് പറഞ്ഞു.

ജനമദ്ധ്യത്തിൽ നഗരസഭയെ തുടർച്ചയായി അപമാനിക്കാൻ ശ്രമിക്കുന്ന നടപടി അവസാനിപ്പിച്ചില്ലെങ്കിൽ മന്ത്രിയെ ബഹിഷ്ക്കരിക്കേണ്ടിവരുമെന്ന് നഗരസഭാചെയർപേഴ്സൺ മറിയാമ്മ ജോൺ ഫിലിപ്പ് പറഞ്ഞു.