പത്തനംതിട്ട : കേരള ഹൈക്കോടതിയിലെ പത്തനംതിട്ട നഗരസഭാ പാനലിലുളള അഭിഭാഷകൻ ഹാജരാകുന്നതിലുണ്ടായ വീഴ്ചയാണ് സെക്രട്ടറിക്കെതിരെ കോടതി വാറണ്ട് പുറപ്പെടുവിക്കാൻ ഇടയാക്കിയതെന്ന് ഇന്ന് ചേർന്ന അടിയന്തര കൗൺസിൽ യോഗം വിലയിരുത്തി. കഴിഞ്ഞ യു.ഡി.എഫ് ഭരണ സമിതി നിയമിച്ച എല്ലാ അഭിഭാഷകരെയും പാനലിൽ നിന്നും നീക്കം ചെയ്യാൻ കൗൺസിൽ തീരുമാനിച്ചു. 2007 മുതൽ കേരള ഹൈക്കോടതിയിൽ നഗരസഭയെ പ്രതിനിധാനം ചെയ്യുന്ന സീനിയർ ഗവൺമെന്റ് പ്ലീഡർ വി.കെ.സുനിൽ പത്തനംതിട്ട നഗരസഭയുടെ അഭിഭാഷകനായി തുടരും. ഹൈക്കോടതിയിൽ നഗരസഭയ്‌ക്കെതിരായി ഫയൽ ചെയ്യുന്ന കേസുകളിൽ നോട്ടീസ് സ്വീകരിക്കുന്നതിനുളള ഉത്തരവാദിത്വത്തിൽ നിന്നും കഴിഞ്ഞ ഭരണസമിതി വി.കെ. സുനിലിനെ നീക്കിയിരുന്നു. പകരം അഭിഭാഷകരുടെ പാനലിൽ നിന്നും ജോർജ് എബ്രഹാം പച്ചയിലിനെ നോട്ടീസ് സ്വീകരിക്കാൻ ചുമതലപ്പെടുത്തി. പുതിയ ഭരണസമിതി അധികാരത്തിൽ വന്നതിനെ തുടർന്ന് നോട്ടീസ് സ്വീകരിക്കാനുള്ള ചുമതല വീണ്ടും വി.കെ. സുനിലിന് നൽകി തീരുമാനമെടുത്തിരുന്നു. എന്നാൽ സെക്രട്ടറിക്കെതിരെ ഫയൽചെയ്ത കോടതിയലക്ഷ്യ കേസിൽ വി.കെ സുനിലിന്റെ നിർദ്ദേശമില്ലാതെ ജോർജ് എബ്രഹാം പച്ചയിൽ സെക്രട്ടറിക്കു വേണ്ടി നോട്ടീസ് സ്വീകരിക്കുകയായിരുന്നു. നഗരസഭാ സെക്രട്ടറി വിവര പത്രിക അഭിഭാഷകനെ ഏൽപ്പിച്ചെങ്കിലും കോടതിയിൽ ഹാജരാകാത്തതിനെ തുടർന്നാ ണ് നഗരസഭാ സെക്രട്ടറിയുടെ അറസ്റ്റിന് ഉത്തരവിടുന്നത്.
യു.ഡി.എഫ് ബഹിഷ്കരണം ജാള്യത മറച്ചു വെക്കാൻ: ചെയർമാൻ
കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് നിയമിതനായ അഭിഭാഷകന്റെ വീഴ്ച മറച്ചു വയ്ക്കാനാണ് യു.ഡി.എഫ് നഗരസഭാ കൗൺസിൽ ബഹിഷ്കരിച്ചതെന്ന് ചെയർമാൻ ടി. സക്കീർ ഹുസൈൻ പറഞ്ഞു. പ്രതിപക്ഷം ആടിനെ പട്ടിയാക്കാൻ ശ്രമിക്കുകയാണ്. കെട്ടിട നിർമാണ അനുമതികളിൽ നഗരസഭാ ഭരണ സമിതിയോ കൗൺസിലോ ഇടപെടേണ്ടതില്ല. നഗരസഭയുമായി ബന്ധപ്പെട്ടു വരുന്ന കേസുകൾ പരിശോധിക്കാനാണ് അഭിഭാഷകരെ നിയമിക്കുന്നത്.അഭിഭാഷകരുടെ കൃത്യനിർവഹണത്തിൽ വീഴ്ച ഉണ്ടായാൽ അവരെ ഒഴിവാക്കുകയാണ് പതിവ്. അഭിഭാഷകന് വീഴ്ച ഉണ്ടായതായി അദ്ദേഹം തന്നെ ഹൈക്കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ സമ്മതിക്കുന്നുണ്ട്. നഗരസഭാ ഭരണസമിതി അധികാരത്തിൽ വന്നതിനെ തുടർന്ന് വി.കെ സുനിലിനെ ഹൈക്കോടതിയിൽ ഫയൽ ചെയ്യുന്ന കേസുകളുടെ നോട്ടീസ് സ്വീകരിക്കാൻ നിർദ്ദേശം നൽകിയിരുന്നു. രാഷ്ട്രീയ മാന്യത പുലർത്തിയതുകൊണ്ടാണ് കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് പാനലിലേക്ക് എടുത്ത എല്ലാ അഭിഭാഷകരേയും ഭരണസമിതി നീക്കം ചെയ്യാതിരുന്നത്. നഗരസഭാ കേസുകൾ നടക്കുന്നതിൽ അഭിഭാഷകരുടെ പാനൽ സംവിധാനം പ്രായോഗികമല്ല എന്ന് കണ്ടതിനാലാണ് വി.കെ. സുനിലിനെ മാത്രമായി നഗരസഭയുടെ അഭിഭാഷകനായി നിലനിർത്താൻ കൗൺസിൽ യോഗം തീരുമാനിച്ചത്.