photo
പ്രമാടം വി.കോട്ടയത്ത് വീടിന് പിടിച്ച തീ അണയ്ക്കുന്ന ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ

പ്രമാടം : പ്രായമായ വീട്ടമ്മ തനിച്ചുണ്ടായിരുന്ന വീടിന് തീ പിടിച്ചത് പരിഭ്രാന്തി പരത്തി. പ്രമാടം ഗ്രാമപഞ്ചായത്ത് 15-ാം വാർഡ് വി. കോട്ടയം കിഴക്കേക്കര വീട്ടിൽ സരസമ്മയുടെ രണ്ട് മുറിയുള്ള ഓടുമേഞ്ഞ വീടിനാണ് തീ പിടിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. വീടിന്റെ മേൽക്കൂര പൂർണമായും കത്തി നശിച്ചു. വീടിനുള്ളിൽ ഗ്യാസ് നിറച്ച സിലിണ്ടർ ഉണ്ടായിരുന്നെങ്കിലും ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ഇത് സുരക്ഷിതമായി മാറ്റിയതിനാൽ വൻ ദുരന്തം ഒഴിവായി. പത്തനംതിട്ട സ്റ്റേഷൻ ഓഫീസർ ജോസഫ്, അസി. ഓഫീസർ സന്തോഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ രണ്ട് യൂണിറ്റ് ഫയർ ഫോഴ്സ് എത്തി ഒരുമണിക്കൂറോളം പണിപ്പെട്ടാണ് തീ അണച്ചത്.

ഷോട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.