പത്തനംതിട്ട: കവി കടമ്മനിട്ട രാമകൃഷ്ണന്റെ ചൊൽക്കാഴ്ച പുനർജനിക്കുന്നു. കടമ്മനിട്ട രാമകൃഷ്ണന്റെ 14-ാം ചരമ വാർഷികത്തോട് അനുബന്ധിച്ച് കടമ്മനിട്ട ഫൗണ്ടേഷന്റെയും ദേശത്തുടി സാംസ്കാരിക സമന്വയത്തിന്റെയും ആഭിമുഖ്യത്തിൽ നടക്കുന്ന കടമ്മനിട്ട സ്മൃതി വേദിയിലാണ് ചൊൽക്കാഴ്ച അവതരിപ്പിക്കുന്നത്. തപ്പ് താളത്തിൽ പന്തങ്ങളുടെയും പടയണി ചുവടുകളുടെയും അകമ്പടിയോടെ കവിതകൾ അവതരിപ്പിക്കുന്ന വേറിട്ട അരങ്ങാണ് ചൊൽക്കാഴ്ച.
കടമ്മനിട്ടയും അയ്യപ്പപ്പണിക്കരും ബാലചന്ദ്രൻ ചുള്ളിക്കാടും ഡി.വിനയചന്ദ്രനും നെടുമുടി വേണുവുമൊക്കെയായിരുന്നു മുമ്പ് ചൊൽക്കാഴ്ച സംഘത്തിൽ ഉണ്ടായിരുന്നത്. പിന്നീട് ചൊൽക്കാഴ്ച അരങ്ങുകൾ നിലച്ചു. കടമ്മനിട്ട സ്മൃതിയോട് അനുബന്ധിച്ച് 27.ന് 3.30നാണ് ചൊൽക്കാഴ്ച അവതരിപ്പിക്കുന്നത്. പ്രൊഫ.കടമ്മനിട്ട വാസുദേവൻ പിള്ള ഉദ്ഘാടനം ചെയ്യും.
കടമ്മനിട്ടയോടൊപ്പം അരങ്ങുകളിലുണ്ടായിരുന്ന കടമ്മനിട്ട പി.ടി. പ്രസന്നകുമാറിന്റെ നേതൃത്വത്തിലാണ് ചൊൽക്കാഴ്ച നടക്കുന്നത്. കടമ്മനിട്ടയുടെ ' കുറത്തിയും ശാന്തയും ഉൾപ്പടെയുള്ള കവിതകളാണ് അവതരിപ്പിക്കുന്നത്. കടമ്പനാട് ജയചന്ദ്രൻ , സി.എസ്.രാജേഷ്, അനിൽ വള്ളിക്കോട്, മോഹൻ കുമാർ വളളിക്കോട്, മഹേഷ് കടമ്മനിട്ട, ശ്യാം ഏനാത്ത്, മധുലാൽ പുതുമന ,രാജേഷ് ഓമല്ലൂർ തുടങ്ങിയവർ പങ്കെടുക്കും. തപ്പും താളവും തുള്ളലുമായി പടേനി കലാകാരന്മാർ അണിചേരും. ചൊൽക്കാഴ്ചയുടെ പരിശീലനം കടമ്മനിട്ട സ്മൃതി മണ്ഡപത്തിൽ തുടങ്ങി.