മേലുകാവ്: കെ.എസ്.ആർ.ടി.സി ബസിൽ യുവതിയെ കയറിപ്പിടിച്ച രണ്ട് മദ്യപർ പിടിയിൽ. റാന്നി സ്വദേശികളായ നിമിൽ (34), സ്വരാജ് (25) എന്നിവരെയാണ് മേലുകാവ് പൊലീസ് പിടികൂടിയത്. ഞായറാഴ്ച രാത്രി 11.30 ഓടെ പത്തനംതിട്ട - കൽപ്പറ്റ റൂട്ടിൽ സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസിലാണ് സംഭവം. പത്തനംതിട്ടയിൽ നിന്ന് തൃശ്ശൂരിലേക്ക് പോകാനാണ് യുവതി ബസിൽ കയറിയത്. റാന്നിയിലേക്കു പോകാനാണ് പ്രതികൾ ബസിൽ കയറിയതെങ്കിലും മദ്യലഹരിയിലായിരുന്നതിനാൽ തൃശൂരിന് ടിക്കറ്റെടുത്തു. ഈരാറ്റുപേട്ട കഴിഞ്ഞപ്പോൾ ഇരുവരും യുവതിയെ കടന്നു പിടിക്കുകയായിരുന്നു. യുവതി ബഹളം വച്ചതോടെ ജീവനക്കാർ ബസ് മേലുകാവ് പൊലീസ് സ്റ്റേഷനിലെത്തിച്ചു. യുവതിയുടെ മൊഴിയിൽ പൊലീസ് കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.