പ്രമാടം : മാസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഉന്നത നിലവാരത്തിൽ നിർമ്മിക്കുന്ന പൂങ്കാവ് - പ്രമാടം - പത്തനംതിട്ട റോഡിൽ ടാറിംഗ് തുടങ്ങി.കഴിഞ്ഞ ദിവസം വൈകിട്ടാണ് പൂങ്കാവ് ഭാഗത്ത് നിന്നും ടാറിംഗ് ആരംഭിച്ചത്. ഇതോടെ പ്രമാടം ഭാഗത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഈ റോഡ് ഉന്നതനിലവാരത്തിൽ നിർമ്മിക്കുന്നത്. അഡ്വ.കെ.യു. ജനീഷ് കുമാർ എം.എൽ.എയുടെ പ്രാദേശിക റോഡ് വികസന ഫണ്ടിൽ നിന്നും ഏഴ് കോടി രൂപ ചെവിലാണ് റോഡ് നിർമ്മാണം. പ്രമാടം പഞ്ചായത്തിനെ ജില്ലാ ആസ്ഥാനവുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്. പത്തനംതിട്ടയിൽ നിന്ന് കോന്നി മെഡിക്കൽ കോളേജിലേക്കും ആനക്കൂട്, അടവി തുടങ്ങിയ ടൂറിസം മേഖലകളിലേക്കും ആളുകൾക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ സഹായകരമായ റോഡുകൂടിയാണിത്.

റോഡ് നിർമ്മാണം വൈകുന്നതിനെ തുടർന്ന് കെ.എസ്.ആർ.ടി.സി ഉൾപ്പെടെ ഈ റൂട്ടിൽ സർവീസ് നിറുത്തിയിരിക്കുകയാണ്. ഏതാനും സ്വകാര്യ ബസുകൾ മാത്രമാണ് നിലവിൽ സർവീസ് നടത്തുന്നത്. ഇത് വിദ്യാർത്ഥികൾ ഉൾപ്പടെയുള്ളവരുടെ യാത്രാ ക്ളേശവും രൂക്ഷമാക്കിയിരുന്നു. മാസങ്ങളോളം നീണ്ട പൊടിശല്യമായിരുന്നു മറ്റൊരു പ്രധാന പ്രശ്നം. പ്രദേശത്തെ മൂന്ന് സ്കൂളുകളുടെയും അങ്കണവാടികളുടെയും പ്രവർത്തനം പ്രതിസന്ധിയിലായിരുന്നു. ടാറിംഗ് പൂർത്തിയാക്കുന്നതോടെ പ്രശ്നങ്ങൾക്ക് പരിഹാരമാകും.

ഗതാഗത നിയന്ത്രണം ഇങ്ങനെ

ടാറിംഗ് നടത്തുന്ന ഭാഗങ്ങളിൽ ഗതാഗതം പൂർണമായും നിരോധിച്ചിട്ടുണ്ട്. പൂങ്കാവ് വഴി എത്തുന്ന വാഹനങ്ങൾ മല്ലശേരി ജംഗ്ഷൻ വഴി പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിൽ എത്തി കുമ്പഴ വഴി പത്തനംതിട്ടയിലേക്ക് പോകണം. പത്തനംതിട്ട ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾക്ക് താഴൂർക്കടവ് വഴി പൂങ്കാവ്, ചന്ദനപ്പള്ളി, കൊടുമൺ , അടൂർ ഭാഗങ്ങളിലേക്ക് പോകാൻ സാധിക്കും. പ്രാദേശികമായി പ്രമാടം എസ്.എൻ.ഡി.പി ജംഗ്ഷൻ വഴിയും അമ്പലം ജംഗ്ഷൻ വഴിയും വിവിധ ഭാഗങ്ങളിലേക്ക് പോകാൻ കഴിയും.

റോഡ് വികസനം ഒറ്റനോട്ടത്തിൽ

നിർമ്മാണം : 7കോടി രൂപ ചെലവിൽ

ദൂരം : 5കിലോമീ​റ്റർ

ബി.എം ആൻഡ് ബി.സി ടാറിംഗ്.

പൈപ്പ് കൾവർട്ട് : 5

സ്‌ളാബ് കൾവർട്ട് : 2

സംരക്ഷണഭിത്തി : 300 മീ​റ്റർ

ഡ്രെയിനേജ് :1000 മീറ്റർ

ഐറിഷ് ഡ്രെയിനേജ്.: 2515 മീ​റ്റർ