പത്തനംതിട്ട: കൊവിഡ് പ്രതിസന്ധിയിൽ ജീവിതം വഴിമുട്ടിയ ഓട്ടോറിക്ഷാ ഡ്രൈവർമാർക്ക് ട്രാഫിക് എസ്.ഐയുടെ കൈത്താങ്ങ്. ലോക്ക് ഡൗണിനെ തുടർന്ന് ഓട്ടം നിലച്ചതിനാൽ ഇൻഷുറൻസ് തുക അടയ്ക്കാനാകാതെ ഓട്ടോറിക്ഷകൾ വീടുകളിലിട്ടിരിക്കുകയായിരുന്നു വെട്ടിപ്രം സ്വദേശികളായ അജിയും ഹരിയും. ഇരുവരും വരുമാനം കണ്ടെത്താൻ മറ്ര് ജോലികൾക്കു പോയെങ്കിലും കുടുംബച്ചെലവ് നടത്താൻ കഴിഞ്ഞില്ല. രോഗികളായ കുടുംബാംഗങ്ങൾക്കുള്ള ചികിത്സാച്ചെലവ് കണ്ടെത്താനാകാതെ വിഷമിക്കുകയായിരുന്നു അവർ. ഇക്കാര്യം അറിഞ്ഞ പത്തനംതിട്ട ട്രാഫിക് എസ്.ഐ അസ്ഹർ ഇബ്നു മിർ സാഹിബ് രണ്ടു പേരുടെയും ഓട്ടോറിക്ഷകൾക്കുളള തുക നൽകി. ഒരാൾ 7000 രൂപയും മറ്റേയാൾ 6000 രൂപയുമാണ് ഇൻഷുറൻസ് അടയ്ക്കാനുണ്ടായിരുന്നത്. ഇന്നലെ വൈകിട്ട് പത്തനംതിട്ട നഗരത്തിൽ വച്ച് ഇരുവർക്കമുള്ള തുക കൈമാറി.
തന്റെ ശമ്പളത്തിൽ നിന്ന് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നീക്കി വയ്ക്കുന്ന തുകയാണ് കൈമാറിയതെന്ന് അസ്ഹർ മിർസാഹിബ് പറഞ്ഞു.