തിരുവല്ല: പ്രകൃതി സംരക്ഷണത്തിനും മാലിന്യ സംസ്ക്കരണത്തിനും ഊന്നൽ നൽകി നെടുമ്പ്രം പഞ്ചായത്തിന്റെ 2022-23ലെ ബഡ്ജറ്റ് വൈസ് പ്രസിഡന്റ് സൈലേഷ് മങ്ങാട്ട് അവതരിപ്പിച്ചു. 11.78 കോടി വരവും 11.67 കോടി ചെലവും 10.96 ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്നതാണ് ബഡ്ജറ്റ്. പഞ്ചായത്ത് പ്രസിഡന്റ് പ്രസന്നകുമാരി അദ്ധ്യക്ഷത വഹിച്ചു. ആധുനിക ശ്മശാനം നിർമ്മിക്കുന്നതിന് 10ലക്ഷം, മാലിന്യ സംസ്‌കരണത്തിന് 14.83 ലക്ഷം, കാർഷിക വികസനത്തിന് 17.25 ലക്ഷം, മൃഗസംരക്ഷണം, മത്സ്യക്കൃഷി 15.95 ലക്ഷം, ക്ഷേമപെൻഷനുകൾക്കായി 4കോടി, പുതിയ റോഡുകൾക്കായി 1.04 കോടി, റോഡ് നവീകരണം 83.69 ലക്ഷം, ഭവന നിർമ്മാണം 35 ലക്ഷം, മാനസിക വെല്ലുവിളി നേരിടുന്നവരുടെ പരിരക്ഷണം 10 ലക്ഷം, ദാരിദ്ര്യലഘൂകരണ പരിപാടി 1.40 കോടി എന്നിവയാണ് പ്രധാന പദ്ധതികൾ. ഉത്പാദനമേഖലയ്ക്ക് 36 ലക്ഷം, സേവനമേഖലയ്ക്ക് 3.19 കോടിയും, ഊർജ്ജ സംരക്ഷണം, തെരുവുവിളക്കുകളുടെ നവീകരണം, റോഡുവികസനം എന്നിവ ഉൾപ്പെടെ പശ്ചാത്തലമേഖലയ്ക്ക് 2.89 കോടിയും ബഡ്ജറ്റിൽ വകയിരുത്തിയിട്ടുണ്ട്.