തിരുവല്ല: ദേശീയ പാത വികസന അതോറിറ്റിയുടെ നേതൃത്വത്തിൽ എം.സി.റോഡിൽ തിരുമൂലപുരത്ത് പൊലീസിന്റെ സഹായത്തോടെ വഴിയോരക്കവടക്കാരെ ഒഴിപ്പിച്ചു. തിരുമൂലപുരം ജംഗ്ഷനിലടക്കമുള്ള പത്തോളം അനധികൃത കച്ചവടക്കാരെയാണ് ഇന്നലെ രാവിലെ 11 മണിയോടെ ഒഴിപ്പിച്ചത്. സ്വമേധയാ ഒഴിഞ്ഞുപോകാൻ മൂന്ന് തവണ നോട്ടീസ് നൽകിയിട്ടും ഒഴിയാത്ത സാഹചര്യത്തിലാണ് ഉദ്യോഗസ്ഥർ നേരിട്ടെത്തി പൊലീസിന്റെ സഹായത്തോടെ കച്ചവടക്കാരെ ഒഴിപ്പിച്ചത്. കച്ചവടത്തിനായി ഉപയോഗിച്ചിരുന്ന പഴകിയ വാഹനങ്ങൾ ജെ.സി.ബി ഉപയോഗിച്ച് നീക്കം ചെയ്തു. നടപടികൾ ആരംഭിച്ചപ്പോൾ യൂണിയൻ നേതാക്കളും ഉദ്യോഗസ്ഥരും തമ്മിൽ നേരിയ തർക്കം ഉടലെടുത്തിരുന്നു. ആർ.ഡി.ഒ യുടെ ഉത്തരവോടെയാണ് നടപടിയെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കിയതോടെ പ്രതിഷേധക്കാർ പിന്തിരിഞ്ഞു. എം.സി റോഡ് നവീകരണത്തെ തുടർന്ന് പാതയോരം കൈയേറി നടത്തുന്ന കച്ചവടം ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും കാരണമാകുന്നെന്ന നാട്ടുകാരുടെ പരാതിയെ തുടർന്നായിരുന്നു നടപടി. കൊല്ലം ബൈപ്പാസ് സബ് ഡിവിഷൻ അസി. എക്സിക്യുട്ടിവ് എൻജിനീയർ ജി. എസ് ജ്യോതി, അസി.എൻജിനീയർ വി.അനുപ്രിയ,ഓവർസിയർ എ.ശോഭ, തിരുവല്ല എസ്.ഐ ജയ്മോൻ എന്നിവരുടെ നേതൃത്വത്തിലാണ് അനധികൃത കച്ചവടക്കാരെ ഒഴിപ്പിച്ചത്.