rajendran

ഇലന്തൂർ: കഴിഞ്ഞദിവസം ഉത്സവം കൊടിയിറങ്ങിയ ഇലന്തൂർ ഭഗവതികുന്ന് ക്ഷേത്രത്തിലെ ചുറ്റുവിളക്കുകൾ മോഷ്ടിച്ചയാളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ആറൻമുള തൈപ്പടിഞ്ഞാറ്റേതിൽ രാജേന്ദ്രനെ (61) പ്രദേശവാസികൾ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. മോഷ്ടിച്ച ചുറ്റുവിളക്കുകൾ ഇയാളിൽ നിന്ന് കണ്ടെടുത്തു. മോഷണക്കേസുകളിൽ മുൻപ് ജയിൽവാസം അനുഭവിച്ചിട്ടുള്ളയാളാണ് പ്രതിയെന്ന് പത്തനംതിട്ട പൊലീസ് പറഞ്ഞു. ഉത്സവം കൊടിയിറങ്ങിയ ശേഷം 21നും ഇന്നലെയും പുലർച്ചെയാണ് മോഷണം നടന്നത്. ചുറ്റമ്പലത്തിൽ തടിയിൽ സ്ഥാപിച്ചിരുന്ന 25 ചുറ്റുവിളക്കുകളാണ് മോഷ്ടിച്ചത്. ആദ്യ ദിവസം മോഷ്ടിച്ച പതിനഞ്ചോളം ചുറ്റുവിളക്കുകൾ പ്രതി 600 രൂപയ്ക്ക് വിറ്റിരുന്നു. ഇന്നലെ പുലർച്ചെ ക്ഷേത്രം ജീവനക്കാരി വിജയമ്മ ജോലിക്കെത്തിയപ്പോൾ പ്രതി വീണ്ടും ചുറ്റുവിളക്കുകൾ ഇളക്കിയെടുക്കുകയായിരുന്നു. ജീവനക്കാരിയെ കണ്ടതോടെ വിളക്കുകൾ ചാക്കിലാക്കി ഇയാൾ കടന്നുകളഞ്ഞു. ജീവനക്കാരി അറിയിച്ചതിനെ തു‌ടർന്ന് സമീപവാസികൾ മോഷ്ടാവിനെ പോയ വഴി പിന്തുടർന്ന് പിടികൂടുകയായിരുന്നു. തുടർന്ന് പത്തനംതിട്ട പൊലീസിനെ അറിയിച്ചു. പ്രതി രണ്ടു ദിവസമായി ക്ഷേത്രപരിസരത്തുണ്ടായിരുന്നതായി ഭാരവാഹികൾ പറഞ്ഞു. പ്ളാസ്റ്റിക് കുപ്പികളും മറ്റും പെറുക്കിയെടുക്കുന്നുണ്ടായിരുന്നു. ക്ഷേത്രത്തിലുണ്ടായിരുന്ന ഒഴിഞ്ഞ കുപ്പികളും പ്ളാസ്റ്റിക്കുകളും ഇയാൾക്ക് കൈമാറിയിരുന്നു. ഇവ ആക്രിക്കടകളിൽ വിൽക്കാറാണ് പതിവ്.