kutty
മാലിന്യ നിക്ഷേപത്തിന് സ്ഥിരം വേദിയായി മാറിയ ഏഴംകുളം - കൊടുമൺ റോഡിലെ രണ്ടാംകുറ്റിവളവ്.

ഏഴംകുളം : ഏഴംകുളം, കൊടുമൺ പഞ്ചായത്ത് അതിർത്തികളിൽ താമസിക്കുന്ന രണ്ടാംകുറ്റി പുതുമല പ്രദേശത്ത് മാലിന്യ നിക്ഷേപം രൂക്ഷമാകുന്നു. ഏഴംകുളം - കൈപ്പട്ടൂർ പാതയിലെ രണ്ടാംകുറ്റി വളവാണ് വർഷങ്ങളായി മാലിന്യ നിക്ഷപകേന്ദ്രമായി മാറുന്നത്. കൊണ്ടുവന്ന് തള്ളിമറിച്ചിടാൻ എന്ത് എളുപ്പമാണെന്നാണ് പരിസരവാസികൾ ചോദിക്കുന്നത്.

കോഴിക്കടകളിലെയും, അറവ് മാടുകളുടെ അവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ളവ ചാക്കുകളിൽ കെട്ടി ഇവിടെ നിക്ഷേപിക്കുന്നുണ്ട്. സമീപ പഞ്ചായത്തുകളിലെ നിന്നുവരെ മാലിന്യം കൊണ്ട് ഇരുളിന്റെ മറവിൽ തള്ളുകയാണ്. ഇതുവഴി മൂക്ക് പൊത്തിവേണം യാത്രചെയ്യാൻ. ഒപ്പം പരിസര മലിനീകരണവും വ്യാപകമായി. പുഴുവരിച്ചു കിടക്കുന്ന മാലിന്യങ്ങൾ കാക്കകൾ ഉൾപ്പെടെയുള്ളവ കൊത്തി കിണറുകളിലും വീടിന്റെ പരിസരങ്ങളിലും കൊണ്ടിടുന്നു. കൊടുമൺ പഞ്ചായത്തിന്റെ തെക്കൻ അതിർത്തിയാണ് രണ്ടാംകുറ്റി വളവ്. ചേർന്ന് കിടക്കുന്നത് ഏഴംകുളം പഞ്ചായത്തിലെ പുതുമല ഒന്നാം വാർഡും. ഇത് സംബന്ധിച്ചപരാതികൾ വ്യാപകമായതോടെ കൊടുമൺ ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ ഈ പ്രദേശത്തെ കാടുകൾ വെട്ടി മാറ്റുകയും ജെ.സി.ബി ഉപയോഗിച്ച് മാലിന്യം നീക്കം ചെയ്തതിനൊപ്പം ഇൗ പ്രദേശത്ത് മാലിന്യം നിക്ഷേപിക്കുന്നത് കുറ്റകരം എന്ന ബോർഡ് സ്ഥാപിക്കുകയും ചെയ്തിരുന്നു.എന്നാൽ കാടുകൾ വളർന്നതോടെ മാലിന്യങ്ങൾ തള്ളുന്നത് വീണ്ടും പതിവായി.അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ഏഴംകുളം പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ ബാബു ജോൺ കൊടുമൺ പഞ്ചായത്ത് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടെങ്കിലും യാതൊരു നടപടിയും ഇല്ല. ഇൗ ഭാഗത്ത് മതിയായ തെരുവ് വിളക്കുകൾ ഇല്ലാത്തതും മാലിന്യം നിക്ഷേപിക്കാൻ വരുന്നവർക്ക് എളുപ്പമാകുന്നു.

തെരുവ് നായ ശല്യം രൂക്ഷം

മുൻപ് മാലിന്യം നീക്കിയപ്പോൾ ഈ പ്രദേശത്ത് സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കുമെന്ന് പ്രഖ്യാപനം നടത്തിയെങ്കിലും പ്രാവർത്തികമായില്ല. അറവുശാലകളിൽ നിന്നുള്ളഅവശിഷ്ടങ്ങൾ നിക്ഷേപിക്കുന്നതോടെ തെരുവുനായ ശല്യമാണ് നാട്ടുകാരുടെ മറ്റൊരു ഭീഷണി. മാലിന്യം ഭക്ഷിക്കുവാനെത്തുന്ന തെരുവ് നായ്ക്കകൾ കാൽ നടയാത്രക്കാരെയും ഇരുചക്ര വാഹന യാത്രികരെയും ആക്രമിക്കുന്നതും പതിവാണ്.

...................

വർഷങ്ങളായുള്ള പ്രദേശവാശികളുടെ ദുരിതമാണ് ഇൗമേഖലയിലെ മാലിന്യ നിക്ഷേപം. ഇക്കാര്യത്തിൽ മുൻകൈ എടുക്കേണ്ടത് കൊടുമൺ പഞ്ചായത്ത് അധികൃതരാണ്. സംയുക്ത നീക്കം ആരംഭിക്കണമെന്ന നിർദ്ദേശം നൽകി കഴിഞ്ഞിട്ടുണ്ട്. കാമറാ സംവിധാനം സ്ഥാപിച്ചാൽ മാത്രമേ ഫലപ്രദമായി തടയിടാൻ കഴിയൂ.

ബാബു ജോൺ,

ഏഴംകുളം പഞ്ചായത്ത്

പുതുമല ഒന്നാം

വാർഡ് മെമ്പർ)