piling
പൈലിംഗിനുളള ഉപകരണങ്ങൾ എത്തിച്ചപ്പോൾ

പത്തനംതിട്ട: അബാൻ ജംഗ്ഷനിൽ മേൽപ്പാല നിർമ്മാണത്തിനുള്ള പൈലിംഗ് നാളെ തുടങ്ങും. പൈലിംഗിനുള്ള ഉപകരണങ്ങൾ ഇന്നലെ എത്തിച്ചു. നാളെ രാവിലെ കുഴിയെട‌ുക്കും. അടുത്തയാഴ്ച പൈലിംഗ് ജോലികൾ തുടരും. 20 തൂണുകൾ നിർമ്മിക്കും. മൂന്നുമാസം കൊണ്ട് പൈലിംഗ് പൂർത്തിയാക്കും. സ്വകാര്യ ബസ് സ്റ്റാൻഡിന് വടക്ക് വശത്ത് പെട്രോൾ പമ്പിന് സമീപത്തു നിന്ന് ആരംഭിച്ച് മൂത്തൂറ്റ് ആശുപത്രി ഭാഗം വരെ എത്തുന്നതാണ് മേൽപ്പാലം. റിംഗ് റോഡിന് മുകളിലൂടെയാണ് പാലം വരുന്നത്. മേൽപ്പാലത്തിന് നീളം 611 മീറ്ററും വീതി 12 മീറ്ററുമാണ്. സമീപന റോഡുകൾക്ക് 90 മീറ്റർ നീളവുമുണ്ടാകും. ഇരുവശങ്ങളിലുമായി 5.5 മീറ്റർ വീതിയിൽ സർവീസ് റോഡുകളും വിഭാവനം ചെയ്യുന്നുണ്ട് . 23 സ്പാനുകളാണ് പാലത്തിനുള്ളത്. കേരള റോഡ് ഫണ്ട് ബോർഡിനാണ് നിർമ്മാണച്ചുമതല.
ജില്ലാ ആസ്ഥാനത്തെ ആദ്യ മേൽപ്പാലം കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി 46.50 കോടി രൂപ ചെലവഴിച്ചാണ് നിർമ്മിക്കുന്നത്. ഒന്നര വർഷം കൊണ്ട് നിർമ്മാണം പൂർത്തിയാക്കും.
ശബരിമല തീർത്ഥാടന കാലത്ത് നഗരത്തിൽ ഏറ്റവും കൂടുതൽ തിരക്കും ഗതാഗതക്കുരുക്കും അനുഭവപ്പെടുന്ന സ്ഥലമാണ് അബാൻ ജംഗ്ഷൻ.

മൂന്ന് വർഷം ഗതാഗത നിയന്ത്രണം

മേൽപ്പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി റിംഗ് റോഡിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തി. ഘട്ടംഘട്ടമായി മൂന്ന് വർഷം ഗതാഗത നിയന്ത്രണം വേണ്ടി വരുമെന്നാണ് അറിയുന്നത്. ആദ്യഘട്ടമായി പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡ് മുതൽ എസ്.പി ഓഫീസ് ജംഗ്ഷൻ വരെ ഗതാഗതം പൂർണമായും നിരോധിച്ചിട്ടുണ്ട്.

-----------------------------

ബസ് സ്റ്റാൻഡ് - എസ്.പി ഓഫീസ് റോഡ് അടച്ചു; യാത്രക്കാരും വ്യാപാരികളും വലയും

പത്തനംതിട്ട: അബാൻ ജംഗ്ഷൻ മേൽപ്പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് പത്തനംതിട്ട ബസ് സ്റ്റാൻഡ് - എസ്.പി ഓഫീസ് റിംഗ് റോഡ് അടച്ചു. കെ.എസ്. ആർ.ടി.സിയുടെ താത്കാലിക ബസ് സ്റ്റാൻഡ് കവാടം മുതൽ എസ്.പി ഓഫീസ് ജംഗ്ഷൻ വരെയുള്ള ഭാഗമാണ് അടച്ചത്.

റാന്നി, വടശേരിക്കര ഭാഗത്തുനിന്ന് പത്തനംതിട്ടയിലേക്ക് വരുന്ന ഭാരവാഹനങ്ങളും ബസുകളും കുമ്പഴ വഴി പത്തനംതിട്ടയിലേക്ക് വരണമെന്ന് കെ.എസ്.ടി.പി പത്തനംതിട്ട എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ബസ് യാത്രക്കാരാണ് ഇതുമൂലം ഏറെവലയുന്നത്. ദീർഘദൂര ബസുകൾക്കടക്കം ഈ നിയന്ത്രണമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. പത്തനംതിട്ടയിൽ നിന്ന് മൈലപ്ര ഭാഗത്തേക്കുള്ള ബസുകൾ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് കവാടത്തിൽ നിന്നുതിരിഞ്ഞ് കേരള ബാങ്കിനു മുന്നിലൂടെയുള്ള വഴിയിലൂടെ എസ്.പി ഓഫീസ് ജംഗ്ഷനിലെത്താം. ബസുകൾക്ക് നഗരത്തിൽ പ്രവേശിക്കാൻ അധികസമയം വേണ്ടിവരുന്നുണ്ട്. വർഷങ്ങളോളം നീളുന്ന നിർമ്മാണ പ്രവർത്തനങ്ങൾക്കാണ് തുടക്കമിട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ഗതാഗത നിയന്ത്രണം അനിശ്ചിതമായി നീളാനാണ് സാദ്ധ്യത. നഗരത്തിലെ റിംഗ് റോഡുകളുടെ സാദ്ധ്യത പൂർണമായി പ്രയോജനപ്പെടുത്തിയുള്ള ഗതാഗത നിയന്ത്രണ നടപടികൾ ആലോചിച്ചില്ലെന്ന ആക്ഷേപമുണ്ട്.

എസ്.പി ഓഫീസ് ജംഗ്ഷൻ - റിംഗ് റോഡിലേക്കുള്ള വ്യാപാരസ്ഥാപനങ്ങൾ, പെട്രോൾ പമ്പ് അടക്കമുള്ളവയുടെയും ബിസിനസിനെ സാരമായി ബാധിക്കുന്ന നടപടിയാണ് ഗതാഗത നിയന്ത്രണം. ചെറിയ വാഹനങ്ങൾ ഇന്നലെ കടത്തിവിട്ടെങ്കിലും വരുംദിവസങ്ങളിൽ ഗതാഗതം പൂർണമായി തടയും.