ചെങ്ങന്നൂർ: കൊഴുവല്ലൂർ ക്ഷേത്ര പരിസരത്തുനിന്ന് 300 മീറ്റർ അകലെ റബർതോട്ടത്തിൽ നിന്ന് പടക്കം കണ്ടെത്തിയ സംഭവത്തിൽ ക്ഷേത്രത്തെയും വിശ്വാസികളെയും അപമാനിക്കുവാനുള്ള ആസൂത്രിത നീക്കം അവസാനിപ്പിക്കണമെന്ന് കൊഴുവല്ലൂർ ദേവീക്ഷേത്ര ഭരണസമിതി ആവശ്യപ്പെട്ടു. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി യഥാർത്ഥ കുറ്റക്കാരെ കണ്ടെത്തണം. കെ-റെയിൽ സർവേയുടെ പേരിൽ കടുത്ത ആശങ്കയാണ് പ്രദേശത്ത് നിലനിൽക്കുന്നത്. അതിപുരാതനമായ ക്ഷേത്രത്തിന്റെ നാഗത്തറയും കാവും സർവേ പരിധിയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന വാർത്തയെ തുടർന്ന് സ്ത്രീകൾ ഉൾപ്പടെയുള്ള നൂറുകണക്കിന് വിശ്വാസികൾ കഴിഞ്ഞ ദിവങ്ങളിൽ ക്ഷേത്ര പരിസരത്ത് തടിച്ചുകുടിയിരുന്നു. വിശ്വാസികളുടെ കടുത്ത എതിർപ്പ് ഉണ്ടാകുമെന്ന് തിരിച്ചറിഞ്ഞതോടെ ഈ ഭാഗത്തെ സർവേ നിറുത്തിവച്ചിരിക്കുകയാണ്. ഏതാനും ദിവസങ്ങൾക്ക് മുൻപ് ചെങ്ങന്നുർ സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രദേശത്തെത്തി ദുരൂഹമായ രീതിയിൽ നീരീക്ഷണം നടത്തിയിരുന്നു. പടക്കം കണ്ടെത്തിയതിന് തൊട്ടുപിന്നാലെ ക്ഷേത്രത്തെയും വിശ്വാസികളെയും അപമാനിക്കുന്ന തരത്തിലാണ് ചില പ്രത്യേക കേന്ദ്രങ്ങളിൽ നിന്ന് വാർത്ത പ്രചരിക്കുന്നത്. ആരോപണങ്ങൾ ഉന്നയിക്കുന്നതിൽ നിന്ന് അധികൃതർ പിൻമാറണം.