ചെങ്ങന്നൂർ: കൊഴുവല്ലൂരിൽ പടക്കം കണ്ടെടുത്തതിന് പിന്നിൽ സി.പി.എം ആണെന്ന് ബി.ജെ.പി മണ്ഡലം കമ്മിറ്റി ആരോപിച്ചു. ജനകീയ സമരങ്ങളെ തീവ്രവാദബന്ധം ആരോപിച്ച് ഇല്ലാതാക്കാനാണ് സി.പി.എമ്മിന്റെ ശ്രമം. രണ്ട് ഗുണ്ടുകൾ ഉപയോഗിച്ച് മന്ത്രിയുടെ വീട് അക്രമിക്കാൻ പദ്ധതി ഇട്ടെന്നുള്ള സി.പി.എം പ്രചരണം ജനങ്ങൾ തൽക്ഷണം തന്നെ തള്ളിക്കളഞ്ഞു. മന്ത്രിയും, സിപിഎമ്മും പൊലീസും ചേർന്നുള്ള നാടകത്തിന്റെ ഭാഗമായി കൊഴുവല്ലൂരിലെ ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിച്ചു. പടക്കത്തിന്റെ പേര് പറഞ്ഞ് ക്ഷേത്രത്തേയും, വിശ്വാസികളെയും അവഹേളിക്കാൻ നടത്തുന്ന ശ്രമങ്ങളെ ബി.ജെ.പി ശക്തമായി എതിർക്കും. രാഷ്ട്രീയത്തെ രാഷ്ട്രീയമായി നേരിടാൻ മന്ത്രി തയാറാകണമെന്നും, ആരാധനലയങ്ങളെ മന:പ്പൂർവം അവഹേളിക്കുന്നത് സി.പി.എമ്മിന്റെ ശൈലിയാണ്.ആരാധനലയങ്ങളെ സംരക്ഷിക്കാൻ ഇറങ്ങിയവരെ തീവ്രവാദികൾ എന്നു വിളിച്ച് ആക്ഷേപിച്ചത് ശരിയല്ലായെന്നും, പടക്കം കണ്ടെടുത്ത സംഭവത്തിൽ യഥാർത്ഥ പ്രതികളെ പൊലീസ് കണ്ടെത്തണമെന്നും ബി.ജെ.പി മണ്ഡലം പ്രസിഡന്റ് പ്രമോദ് കാരയ്ക്കാട്, മണ്ഡലം ജന. സെക്രട്ടറി അനീഷ് മുളക്കുഴ എന്നിവർ ആവശ്യപ്പെട്ടു.