റാന്നി: കഴിഞ്ഞ രണ്ടു ദിവസമായി റാന്നി, അത്തിക്കയം, പെരുനാട് മേഖലകളിൽ വ്യാജ ഫേസ്ബുക്ക് ഐ.ഡി ഉണ്ടാക്കി പണം തട്ടാൻ വ്യാപക ശ്രമമെന്ന് പരാതി. പത്തിൽപ്പരം ആളുകളുടെ ഫേസ്ബുക്ക് അക്കൗണ്ട് അതേപോലെ ചിത്രങ്ങളും വിശദംശങ്ങളും ചേർത്ത് പുതിയ അക്കൗണ്ട് ഉണ്ടാക്കി സുഹൃത്തുക്കൾക്ക് റിക്വസ്റ്റ് അയച്ചു. തുടർന്ന് അതേ അക്കൗണ്ടിൽ നിന്നും സുഹൃത്തുക്കളോട് പണം ആവശ്യപ്പെടും. ഇംഗ്ലീഷിലാണ് മെസേജുകൾ വരുന്നത്. അത്യാവശ്യമായി പണത്തിന് ആവശ്യമുണ്ടെന്നും തന്റെ സുഹൃത്തിന്റെ ഗൂഗിൾപേ അക്കൗണ്ടിൽ ഇട്ടാൽ മതിയെന്നും കാട്ടി മെസേജ് ഇടും. സംശയം തോന്നിയ മെസേജ് കിട്ടിയ ആളുകൾ യഥാർത്ഥ ആളുകളെ വിളിച്ചു തിരക്കുമ്പോഴാണ് തട്ടിപ്പാണെന്ന് വ്യക്തമാകുന്നത്. ഫേസ്ബുക്ക് അക്കൗണ്ട് പ്രൊഫൈൽ ലോക്ക് ചെയ്യാത്തവരുടെ വിശദാംശങ്ങളാണ് ഇങ്ങനെയുള്ള സംഘങ്ങൾ ദുരൂപയോഗം നടത്തുന്നത്. ‌പ്രൊഫൈൽ ലോക്ക് ചെയ്യാതെ ഉപയോഗിക്കുന്നതാണ് ഇത്തരം തട്ടിപ്പുകാർക്ക് കാര്യങ്ങൾ എളുപ്പമാക്കുന്നത്. ആർക്കും പണം നഷ്ടമായിട്ടില്ല അതുകൊണ്ടു പരാതിയുമായി ആരും മുന്നോട്ടു പോയിട്ടില്ല. അന്യ സംസ്ഥാനങ്ങളിൽ നിന്നും മറ്റുമാണ് ഇത്തരം മെസേജുകൾ എത്തുന്നത്. ഇത്തരം തട്ടിപ്പു സംഘങ്ങൾ നമ്മുടെ നാട്ടിലും പിടി മുറുക്കുകയാണ്. പൊലീസ് നിരന്തരം സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ മുന്നറിയിപ്പുകൾ നൽകുന്നുണ്ടെങ്കിലും ഇത്തരം ചതിക്കുഴിൽ വീണുപോകുന്നവരുമുണ്ട്.