ചെങ്ങന്നൂർ: വിവാദങ്ങളും അപ്രായോഗിക വാദങ്ങളുമുയർത്തി എസ്.എൻ.ഡി.പി. യോഗത്തെ തകർക്കാൻ കഴിയില്ലെന്ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എസ്.എൻ.ഡി.പി. യോഗം 1152-ാം നമ്പർ തിരുവൻവണ്ടൂർ ശാഖാ ഗുരുദേവ ഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന ഗുരുകൃപ പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിന്റെയും ലോഗോയുടെയും സമൂഹസദ്യയുടെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈഴവ സമൂഹത്തിന്റെ സമസ്ത പുരോഗതി ലക്ഷ്യമാക്കിയുള്ള പ്രവർത്തനമാണ് തന്റെ ലക്ഷ്യം. എഴുതപ്പെട്ട ഭരണഘടനയും അതുതന്നെയാണ് അനുശാസിക്കുന്നത്. ഇക്കാര്യങ്ങൾ വിട്ടുവീഴ്ചയില്ലാതെ നടപ്പിലാക്കുന്നതിലുള്ള അസഹിഷ്ണുതയാണ് വിവാദങ്ങൾക്ക് പിന്നിൽ. അപ്രായോഗിക നിർദ്ദേശങ്ങളെ നിയമപരമായി നേരിടുമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

ചെങ്ങന്നൂർ യൂണിയൻ ചെയർമാൻ അനിൽ അമ്പാടി അദ്ധ്യക്ഷത വഹിച്ചു. യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ എസ്.രവീന്ദ്രൻ എഴുമറ്റൂർ, ചാരുംമൂട് യൂണിയൻ ചെയർമാൻ ജയകുമാർ പാറപ്പുറം, യൂണിയൻ അഡ്.കമ്മിറ്റി അംഗങ്ങളായ കെ.ആർ.മോഹനൻ, എസ്.ദേവരാജൻ, ബി.ജയപ്രകാശ് തൊട്ടാവാടി, മോഹനൻ കൊഴുവല്ലൂർ, തിരുവൻവണ്ടൂർ ശാഖാ വൈസ് പ്രസിഡന്റ് ശ്രീകല സുനിൽ, ശാഖാ സെക്രട്ടറി സോമോൻ തോപ്പിൽ എന്നിവർ പ്രസംഗിച്ചു. യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം സ്വാഗതവും ശാഖാ പ്രസിഡന്റ് ഹരി പത്മനാഭൻ നന്ദിയും പറഞ്ഞു. യോഗം ജനറൽസെക്രട്ടറിയെ താളമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെയാണ് ഗുരുക്ഷേത്രത്തിലേക്ക് ആനയിച്ചത്.