തിരുവല്ല: കവിയൂർ ഗ്രാമപഞ്ചായത്തിലെ 2022-23ലെ ബഡ്ജറ്റ് വൈസ് പ്രസിഡന്റ് ശിരഞ്ജിനി ഗോപി അവതരിപ്പിച്ചു. 26,88,79,304 രൂപ വരവും 26,54,13,000 രൂപ ചെലവും 34,66,304 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്നതാണ് ബഡ്ജറ്റ്. കുടിവെള്ളം, കാർഷിക മേഖല എന്നിവയ്ക്ക് പ്രാധാന്യം നൽകുന്നു. കുടിവെള്ളത്തിന് ജലജീവൻ മിഷൻ അടക്കമുള്ള പദ്ധതികൾക്കായി 5.45 കോടി വകയിരുത്തി. കാർഷിക മേഖലയിൽ തരിശുരഹിത കവിയൂർ, ചക്ക ഗ്രാമം ഉൾപ്പെടെയുള്ള പദ്ധതികൾക്കായി 1.86 കോടി നീക്കിവച്ചു. ആരോഗ്യം, ഭവന നിർമ്മാണം, ശുചിത്വം, ടൂറിസം, കായികം, പൊതുശ്മശാനം എന്നി പദ്ധതികൾക്കും തുക ചെലവഴിക്കും. പശ്ചാത്തല മേഖല (റോഡ്) 1.52 കോടി, തൊഴിലുറപ്പ് പദ്ധതിക്ക് 3.78 കോടി, പഞ്ചായത്ത്, അങ്കണവാടി, മൃഗാശുപത്രി, കുടുംബശ്രീ, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്നിവയുടെ കെട്ടിട നിർമ്മാണത്തിന് 1.20 കോടി രൂപയും നീക്കിവച്ചിട്ടുണ്ട്.