കോന്നി: തണ്ണിത്തോട് മൂഴി - തേക്കുതോട് പ്ലാന്റേഷൻ കരിമാൻതോട് റോഡിന്റെ നിർമ്മാണ പുരോഗതി കെ.യു.ജനീഷ് കുമാർ എം.എൽ.എ വിലയിരുത്തി. 6.76 കോടി രൂപ വിനിയോഗിച്ചാണ് ഉന്നത നിലവാരത്തിൽ റോഡ് വികസിപ്പിക്കുന്നത്. പൊതുമരാമത്ത് വകുപ്പിൽ നിന്നും രണ്ടര കോടി രൂപയും റീബിൽഡ് കേരള ഇനിഷ്യേറ്റീവ് ഉൾപ്പെടുത്തി 4.26 കോടി രൂപയും വകയിരുത്തിയാണ് റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. റോഡിന്റെ വീതി വർദ്ധിപ്പിച്ചും വശങ്ങളിൽ സംരക്ഷണഭിത്തി നിർമ്മിച്ചും ബി.എം ആൻഡ് ബി.സി, ഡി.ബി.എം സാങ്കേതിക വിദ്യയിൽ വികസിപ്പിക്കുന്ന റോഡിന് അഞ്ചുവർഷം അറ്റകുറ്റപ്പണി ഉൾപ്പെടെ നടത്തുന്നതിനുള്ള കരാറാണ് നൽകിയിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള 2.50കിലോമീറ്റർ ഭാഗവും ജില്ലാ പഞ്ചായത്ത് അധീനതയിലുള്ള നാലു കിലോമീറ്റർ ദൂരവും ഒരേദിവസമാണ് നിർമ്മാണം ആരംഭിച്ചത്. പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എൻജിനീയർ വി.ബിനു, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ എസ്.റസീന, അസിസ്റ്റന്റ് എൻജിനീയർമാരായ എസ്.അഞ്ജു, റിഫിൻ കെ.ജോൺ പഞ്ചായത്ത് അംഗങ്ങളായ കെ.ജെ ജെയിംസ്, സലേഖ, വി.വി. സത്യൻ, കരാർ കമ്പനി പ്രതിനിധികൾ എന്നിവർ ഒപ്പമുണ്ടായിരുന്നു.