 
പന്തളം: പന്തളം - തെക്കേക്കര പഞ്ചായത്തിലെ പടുക്കോട്ടുക്കൽ കളമിട്ടതിൽ വീട്ടിൽ രാജേഷിന്റെ (24) മരണവുമായി ബന്ധപ്പെട്ടുള്ള ദുരൂഹത അവസാനിപ്പിക്കുന്നതിന് സമഗ്ര അന്വേഷണം വേണമെന്ന് അമ്മ രമണിയും ജ്യേഷ്ഠൻ രതീഷും പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷം സെപ്തംബർ 13ന് രാത്രിയിൽ വീടിന് സമീപമുള്ള മാവര പുഞ്ചയിൽ അയർവാസിയായ ബദിരനും മൂകനുമായ നാരായണൻ എന്നയാൾക്കൊപ്പം ചൂണ്ടയിട്ട് മീൻ പിടിക്കാൻ രാജേഷ് പോയിരുന്നു. രാത്രി രണ്ടിന് സമീപത്തുള്ള പറമ്പിൽ രാജേഷിനെ ഗുരുതരമായി മർദ്ദനമേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. ഈ വിവരം നാരായണനാണ് വീട്ടിൽ അറിയിച്ചത്. വീട്ടുകാർ ഓട്ടോറിക്ഷയിൽ അടൂർ ഗവ.ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമദ്ധ്യേ മരിച്ചു. രാജേഷ് സമീപവാസിയായ പെൺകുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ചതാണ്. ഈ ബന്ധം പെൺകുട്ടിയുടെ വീട്ടുകാർക്ക് താൽപ്പര്യമില്ലായിരുന്നു. ഇവർ തമ്മിൽ ഒരു വർഷം തികച്ച് ജീവിക്കില്ലായെന്ന് പെൺകുട്ടിയുടെ പിതാവ് ഭീഷണി മുഴക്കിയിരുന്നതായും രാജേഷിന്റെ ബന്ധുക്കൾ പറഞ്ഞു. ഇതാണ് മരണത്തിൽ സംശയമുണ്ടാകാൻ കാരണം. തെങ്ങിൽ നിന്നും വീണ് മരിച്ചതെന്നാണ് അന്ന് ഒപ്പമുണ്ടായിരുന്ന നാരായണൻ പറയുന്നത്. ഇത് ബന്ധുക്കൾ വിശ്വസിക്കുന്നില്ല. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി, എസ്പി എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്. സംഭവ ദിവസം രാജേഷിന്റെ ഒപ്പമുണ്ടായിരുന്ന നാരായണനെ വിശദമായി ചോദ്യം ചെയ്താൽ യഥാർത്ഥ വിവരം പുറത്ത് വരുമെന്നും ബന്ധുക്കൾ പറയുന്നു. കെ.കെ തമ്പാൻ, ശുഭ കെ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.