കോന്നി: തണ്ണിത്തോട് ജനവാസ മേഖലയിൽ നിന്ന് നാലു ദിവസത്തിനിടെ മൂന്നു രാജവെമ്പാലകളെ പിടികൂടി . ഇന്നലെ തണ്ണിത്തോട് കാവിൽ ജംഗ്ഷനിലെ പെട്രോൾ പമ്പിന് പുറകുവശത്തെ വീടിനു സമീപത്തെ വിറകിനിടയിൽ കണ്ട രാജവെമ്പാലയെ വാവ സുരേഷ് എത്തി പിടികൂടി കക്കി വനത്തിൽ വിട്ടയച്ചു. കഴിഞ്ഞ 20 നും ഇതേ വീടിന്റെ പരിസരത്തു നിന്ന് രാജവെമ്പാലയെ പിടികൂടിയിരുന്നു. ബുധനാഴ്ച തണ്ണിത്തോട് മേക്കണ്ണത്ത് ജനവാസമേഖലയിൽ ഇറങ്ങിയ രാജവെമ്പാലയെ തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകരുടെ നേതൃത്വത്തിൽ പാമ്പ് പിടിത്തത്തിൽ പരിശീലനം ലഭിച്ച പ്രസാദാണ് പിടികൂടിയത്. ഇതിനെ ശബരിമല വനത്തിൽ തുറന്നു വിടുകയായിരുന്നു.