saji-chariyan
കെ-റെയിൽ വിഷയത്തിൽ സി.പി.എം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗം മന്ത്രി സജിചെറിയാൻ ഉദ്ഘാടനം ചെയ്യുന്നു

ചെങ്ങന്നൂർ: കെ-റെയിൽ സമരത്തിന് പിന്നിൽ വാഹന ടയർ, സ്‌പെയർ പാർട്‌സ് കുത്തക കമ്പനികളാണെന്നും ഇവർ പണമൊഴുക്കി സമരവും കലാപവും ആസൂത്രണം ചെയ്യുകയാണെന്നും മന്ത്രി സജിചെറിയാൻ പറഞ്ഞു. കെ-റെയിൽ വിഷയത്തിൽ സി.പി.എം. ചെങ്ങന്നൂർ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗം കൊഴുവല്ലൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ-റെയിൽ പോലൊരു പദ്ധതി നടപ്പാക്കുന്നതിന് യു.ഡി.എഫ് സർക്കാരിന് കരുത്തില്ലായിരുന്നു.. ഇടതുപക്ഷ സർക്കാർ ആർജ്ജവത്തോടെ അത്ഏറ്റെടുത്തു നടപ്പാക്കുകയാണ്. ഒരടി പിന്നോട്ട് പോകില്ല. പദ്ധതിക്കായി കേരളത്തിൽ മതിലുകെട്ടില്ല. ഡി.പി.ആറിൽ എഴുതിയിരിക്കുന്നത് ശരിയല്ല. മുഖ്യമന്ത്രി ഇക്കാര്യം നിയമസഭയിൽ വ്യക്തമാക്കിയിട്ടുണ്ട്. കെ-റെയിൽ 85 ശതമാനവും സാധാരണ മൺതിട്ടയിലൂടെയാണ് കടന്നുപോകുന്നത്. എട്ടു ശതമാനം മാത്രമാണ് തൂണുകളിലൂടെ പോകുന്നത്. . തനിക്കെതിരെ തെറ്റിദ്ധാരണ പരത്തിയ തിരുവഞ്ചൂർ രാധാകൃഷ്ണൻ മാപ്പുപറയണം. ഇപ്പോൾ നടക്കുന്നത് സാമൂഹിക ആഘാത പഠനം മാത്രമാണ്. ഏറ്റെടുക്കുന്ന സ്ഥലത്തിന് മാർക്കറ്റ് വിലയുടെ നാലിരട്ടി നൽകുമെന്ന് അദ്ദേഹം പറഞ്ഞു. .

ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാർ പറയുന്നതുകേട്ട് മണ്ഡലം പ്രസിഡന്റ് അടക്കമുള്ളവർ രംഗത്തിറങ്ങുകയായിരുന്നു. കൊഴുവല്ലൂർ ക്ഷേത്രം സത്യമുള്ളതാണ്. അതു കൊണ്ടുതന്നെയാണ് ആക്രമിക്കാൻ വന്ന പദ്ധതി വെളിച്ചത്തു വന്നത്. ആക്രമികൾ പറയുന്ന സ്ഥലത്ത് വരാം. പക്ഷേ കലാപമുണ്ടാക്കാൻ ശ്രമിക്കുന്നവരെ വിശ്വാസികൾ തിരിച്ചറിയണം. 44 വർഷമായി ജനങ്ങൾക്കിടയിലുണ്ട്. ചെങ്ങന്നൂർ സ്റ്റേഡിയം നിർമ്മാണത്തിന് തുരങ്കം വയ്ക്കാൻ സ്വന്തം ഡ്രൈവറെ കൊണ്ടാണ് ജില്ലാ പ്രസിഡന്റ് കേസ് കൊടുപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.