പ്രമാടം : ബസ് ഇല്ലാത്തതിനാൽ നടന്ന് വലയുകയാണ് പ്രമാടം നിവാസികൾ. കെ.എസ്.ആർ.ടി.സി ബസ് ലഭിക്കണമെങ്കിൽ ഏഴ് കലോമീറ്റർ യാത്ര ചെയ്ത് പത്തനംതിട്ടയിലോ കോന്നിയിലോ എത്തണം. പൂങ്കാവ്- പ്രമാടം - പത്തനംതിട്ട റോഡിൽ ടാറിംഗ് നടക്കുന്നതിനാൽ ഓട്ടോറിക്ഷകൾ ഉൾപ്പടെയുള്ള വാഹനങ്ങൾ ഈ റൂട്ടിൽ എത്തുന്നില്ല. ഇരുചക്ര വാഹനയാത്രക്കാരും മല്ലശേരിമുക്ക്,കുമ്പഴ, താഴൂർക്കടവ് ഭാഗങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഇതോടെ പ്രമാടത്തെ വിദ്യാർത്ഥികൾ ഉൾപ്പടെയുള്ള യാത്രക്കാർ ദുരിതത്തിലാണ്. കൊവിഡ് അതിവ്യാപനത്തെ തുടർന്ന് ഒന്നരവർഷം മുമ്പ് താൽക്കാലികമായി നിറുത്തലാക്കിയ കെ.എസ്.ആർ.ടി.സി ബസ് സർവീസുകൾ ഈ റൂട്ടിൽ ഇതുവരെയും പുനരാരംഭിക്കാത്തതാണ് യാത്രാ പ്രതിസന്ധി രൂക്ഷമാക്കുന്നത്. സ്വകാര്യ ബസുകൾ മാത്രമാണ് ഇപ്പോൾ പ്രദേശവാസികളുടെ പ്രധാന യാത്രാ മാർഗം. കഴിഞ്ഞ ലോക്ക് ഡൗൺ സമയത്തെ നിയന്ത്രണങ്ങളെ തുടർന്ന് പത്തനംതിട്ട, കോന്നി ഡിപ്പോകളിൽ നിന്നും സർവീസ് നടത്തിയിരുന്ന ഏഴ് ബസുകളാണ് റദ്ദാക്കിയത്. യാത്രക്കാർക്ക് ഏറെ പ്രയോജനകരമായിരുന്ന ചെയിൻ സർവീസുകൾ നിറുത്തിയതിനെതിരെ അന്ന് പ്രതിഷേധങ്ങൾ ഉയർന്നിരുന്നെങ്കിലും നിയന്ത്രങ്ങൾ മാറുമ്പോൾ സർവീസുകൾ പുന:രാരംഭിക്കുമെന്ന് ഡിപ്പോ അധികൃതർ ജനപ്രതിനിധകൾ ഉൾപ്പടെയുള്ളവർക്ക് ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഇതുവരെയും കെ.എസ്.ആർ.ടി.സി സർവീസുകൾ പുന:രാരംഭിക്കാൻ തയാറായിട്ടില്ല.

ബസ് സർവീസ് പുനരാരംഭിക്കണമെന്ന് നാട്ടുകാർ

പ്രമാടത്തെ വിദ്യാർത്ഥികൾ പത്താം ക്ളാസ് കഴിഞ്ഞുളള ഉപരിപഠനത്തിന് പ്രധാനമായും പത്തനംതിട്ട, കോന്നി എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെയാണ് ആശ്രയിക്കുന്നത്. പ്രധാന ആതുരാലയങ്ങളും സർക്കാർ ഓഫീസുകളുമെല്ലാം പ്രവർത്തിക്കുന്നതും അവിടെയാണ്. സ്വകാര്യ ബസ് സമരത്തെ തുടർന്നുള്ള യാത്രാ ക്ളേശം പരിഹരിക്കാൻ കെ.എസ്.ആർ.ടി.സി സർവീസ് അടിയന്തരമായി പുന:രാരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

- 7 ബസുകൾ റദ്ദാക്കി