പത്തനംതിട്ട: അബാൻ ജംഗ്ഷനിൽ മേൽപ്പാല നിർമ്മാണത്തിനുള്ള പൈലിംഗ് ജോലികൾ ഇന്നലെ ആരംഭിച്ചു. രാവിലെ 10.15നും 10.30നുമിടയിൽ ഗണപതി പൂജയോടെയായിരുന്നു തുടക്കം. തുടർന്ന് ഒരു കുഴിയെടുത്ത ശേഷം പണിനിറുത്തി. 30ന് രാവിലെ പൈലിംഗ് ജോലികൾ തുടരും. വ്യാഴാഴ്ച വൈകിട്ടും സ്ഥലത്ത് വിളക്ക് തെളിച്ച് പൂജ നടത്തിയിരുന്നു.
90 സ്ഥലത്താണ് പൈലിംഗ് നടത്തുന്നത്. മൂന്നുമാസം കൊണ്ട് പൈലിംഗ് ജോലികൾ പൂർത്തിയാക്കും. മേൽപ്പാലത്തിന്റെ ആകെ നീളം 611 മീറ്ററും വീതി 12 മീറ്ററുമാണ്. സമീപന റോഡുകൾക്ക് 90 മീറ്റർ നീളവുമുണ്ടാകും. ഇരുവശങ്ങളിലുമായി 5.5 മീറ്റർ വീതിയിൽ സർവീസ് റോഡുകളും വിഭാവനം ചെയ്യുന്നുണ്ട്. 23 സ്പാനുകളാണ് പാലത്തിനുള്ളത്. സ്വകാര്യ ബസ് സ്റ്റാൻഡിന് വടക്കുവശത്ത് പെട്രോൾ പമ്പിന് സമീപത്തു നിന്ന് ആരംഭിച്ച് മൂത്തൂറ്റ് ആശുപത്രി ഭാഗം വരെ എത്തുന്നതാണ് മേൽപ്പാലം. കേരള റോഡ് ഫണ്ട് ബോർഡിനാണ് നിർമ്മാണച്ചുമതല.
ജില്ലാ ആസ്ഥാനത്തെ ആദ്യ മേൽപ്പാലം കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി 46.50 കോടി രൂപ ചെലവഴിച്ചാണ് നിർമ്മിക്കുന്നത്. ഒന്നര വർഷം കൊണ്ട് നിർമ്മാണം പൂർത്തിയാക്കും.