ചെങ്ങന്നൂർ: കേരളത്തിനകത്തും പുറത്തും വിദേശത്തും ഉൾപ്പെടെ ഉന്നതവിദ്യാഭ്യാസത്തിനു വേണ്ട മാർഗനിർദ്ദേശങ്ങൾക്കായി എസ്.എൻ.ഡി.പി.യോഗം ചെങ്ങന്നൂർ യൂണിയനിൽ ഹെൽപ്പ് ഡെസ്‌ക്ക് ഏപ്രിൽ ആദ്യവാരം മുതൽ പ്രവർത്തനം ആരംഭിക്കുന്നു. വിദ്യാർത്ഥികൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നതിന് പ്രമുഖ വിദ്യാഭ്യാസ വിചക്ഷണരെ പങ്കെടുപ്പിച്ചുകൊണ്ട് യൂണിയൻ ഒാഫീസിനോട് ചേർന്നുള്ള സരസകവി മൂലൂർ സ്മാരക ഹാളിൽ ഏപ്രിൽ അവസാനവാരം കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചിട്ടുണ്ടെന്നും യൂണിയൻ ചെയർമാൻ അനിൽ അമ്പാടിയും കൺവീനർ അനിൽ പി.ശ്രീരംഗവും അറിയിച്ചു. 70ാം നമ്പർ ഇടവങ്കാട് ശാഖയിൽ കൂടിയ ചെറിയനാട് മേഖലാ സംയുക്തയോഗത്തിലാണ് ഇതറിയിച്ചത്.
യൂണിയൻ ചെയർമാൻ അനിൽ അമ്പാടിയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ കൺവീനർ അനിൽ പി.ശ്രീരംഗം വിവിധ പദ്ധതികൾ വിശദീകരിച്ചു. യൂണിയൻ അഡ്.കമ്മിറ്റി അംഗങ്ങളായ എസ്.ദേവരാജൻ, മോഹനൻ കൊഴുവല്ലൂർ, ഇടവങ്കാട് ശാഖാ സെക്രട്ടറി വി.സി.രാമകൃഷ്ണൻ, പുലിയൂർ ശാഖാ യൂണിയൻ കമ്മിറ്റി അംഗം രഞ്ജു അനന്തഭദ്രത്ത്, ചെറിയനാട് പടിഞ്ഞാറ് ശാഖാ സെക്രട്ടറി ശാലിനി ബിജു, ചെറിയനാട് ശാഖാ കൺവീനർ ദിലീപ് സി.ഡി., കടയിക്കാട് ശാഖാ സെക്രട്ടറി പുഷ്പാംഗദൻ എന്നിവർ പ്രസംഗിച്ചു. യൂണിയൻ അഡ്.കമ്മിറ്റി അംഗം ബി.ജയപ്രകാശ് തൊട്ടാവാടി സ്വാഗതവും ഇടവങ്കാട് ശാഖാ പ്രസിഡന്റ് മധുശ്രീശബരി നന്ദിയും പറഞ്ഞു.