ഇളമണ്ണൂർ : ഏനാദിമംഗലം പഞ്ചായത്തിൽ 45.54 കോടി രൂപ വരവും 44.62 കോടി ചെലവും 92.66 ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്ന 2022- 23 വർഷത്തെ ബഡ്ജറ്റ് വൈസ് പ്രസിഡന്റ് ഉദയരശ്മി അനിൽകുമാർ അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി രാജഗോപാലൻ നായർ അദ്ധ്യക്ഷനായിരുന്നു. ഭുരഹിത ഭവനരഹിതർക്കും ഭവനമില്ലാത്തവർക്കം വസ്തുവും വീടും നൽകുന്നതിനായി സംസ്ഥാന സർക്കാരുമായി സഹകരിച്ച് 1.90 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കും. കാർഷിക മേഖലയുടെ വികസനത്തിന് മുൻതൂക്കം നൽകി 69.10ലക്ഷം രൂപയും ഏനാദിമംഗലം ഹണി എന്ന ബ്രാൻഡിൽ തേനീച്ച വളർത്തലിനും സംസ്‌കരണത്തിനും വേണ്ടി 25ലക്ഷം രൂപയും ക്ഷീരമേഖലയുടെ വളർച്ചയ്ക്കായി ക്ഷീരകർഷകർക്ക് പാലിന് സബ്‌സിഡി, വെർമി ബെഡ് തുടങ്ങിയ പദ്ധതികൾക്കായി 56.50ലക്ഷംരൂപയും കുടുംബശ്രീ പദ്ധതികൾ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെടുത്തി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലേക്ക് 12.5 കോടി രൂപയും വകയിരുത്തി. അടൂർ താലൂക്കിലെ ഏറ്റവും ഉയർന്ന പ്രദേശങ്ങളിലൊന്നായ കുന്നിട അഞ്ചുമലപ്പാറ ഉൾപ്പെടുത്തി ഗ്രാമീണ ടൂറിസം പദ്ധതി വഴി പ്രത്യക്ഷമായും പരോക്ഷമായും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും പഞ്ചായത്തിന് വരുമാനമാർഗം സൃഷ്ടിക്കുന്നതിന് സംസ്ഥാന സർക്കാരുമായി സഹകരിച്ച് ഒരു കോടി രൂപയുടെ പദ്ധതി നടപ്പിലാക്കും. ശുചിത്വം, മാലിന്യ സംസ്‌കരണം മേഖലയിൽ എം.സി.എഫ് നിർമ്മാണം, എല്ലാ വാർഡുകളിലും മിനി എം.സി.എഫ്, അറവുശാല, മാലിന്യം കൊണ്ടുപോകുന്നതിനായി വാഹനം വാങ്ങൽ ഉൾപ്പെടെ 85ലക്ഷം രൂപയും പഞ്ചായത്ത് പ്രദേശത്ത് ആധുനിക രീതിയിലുള്ള ശ്മശാനം നിർമ്മിക്കുന്നതിനായി 12 കോടി രൂപയും പഞ്ചായത്തിലെ വിവിധ റോഡുകളുടെ വികസനത്തിനായി 1.90 കോടി രൂപയും വിവിധ ക്ഷേമപെൻഷനുകൾക്ക് 5.51 കോടി 51 രൂപയും വകയിരുത്തി.