റാന്നി: സ്വകാര്യ ബസ് സമരം രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോഴും പകരം ആവശ്യത്തിന് യാത്ര സൗകര്യങ്ങളില്ലാതെ നെട്ടോട്ടമോടി ജനങ്ങൾ. 90 ശതമാനവും സ്വകാര്യ ബസിനെ ആശ്രയിക്കുന്ന റാന്നിക്കാരെ സമരം സാരമായിത്തന്നെ ബാധിച്ചിട്ടുണ്ട്. ഗ്രാമീണ മേഖലയാണ് ഏറ്റവും ദുരിതമനുഭവിക്കുന്നത്. വിദ്യാർത്ഥികളിൽ പലരും സമയത്ത് ബസും മറ്റു വാഹനങ്ങളും കിട്ടാതെ വീടുകളിലേക്ക് തിരികെ പോകുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. കെ.എസ്.ആർ.ടി.സിയാവട്ടെ പതിവ് സർവീസുകൾ മാത്രമാണ് ഇന്നും ഓടിയത്. ഇന്നും ജോലിസ്ഥലങ്ങളിലും സ്കൂൾ, കോളേജുകളിലും ഗണ്യമായ ഹാജർ കുറവ് അനുഭവപ്പെട്ടു. എത്തിയവരാകട്ടെ ടാക്സി വാഹനങ്ങളെയും മറ്റും ആശ്രയിച്ചു കൂടുതൽ തുക ചെലവാക്കിയാണ് ജോലിക്കും മറ്റും എത്തുന്നത്. ദിവസവും 100, 200 രൂപ മുടക്കി ടാക്സി വാഹനങ്ങളിൽ സ്‌കൂളുകളിലേക്കും ജോലി സ്ഥലങ്ങളിലേക്കും പോകുക എന്നത് ജനങ്ങളെ സംബന്ധിച്ചിടത്തോളം വലിയ ബാദ്ധ്യതയാണ്. എത്രയും വേഗം സർക്കാർ വൃത്തങ്ങൾ ഇടപെട്ടു സമരം അവസാനിപ്പിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.