ചെങ്ങന്നൂർ: ടിക്കറ്റ് ചാർജ് വർദ്ധന ആവശ്യപ്പെട്ട് സ്വകാര്യ ബസ് സമരം ആരംഭിച്ചതോടെ താലൂക്കിലെ ഉൾനാടൻ ഗ്രാമങ്ങളിൽ യാത്രാക്ലേശം രൂക്ഷമായി. സ്വകാര്യ ബസുകൾ കൂടുതലായി സർവീസ് നടത്തുന്ന മേഖലകളിലാണ് യാത്രചെയ്യാനാകാതെ ജനങ്ങൾ വലഞ്ഞു. യാത്രാദുരിതം പരിഹരിക്കാൻ കെ.എസ്.ആർ.ടി.സി ചെങ്ങന്നൂർ ഡിപ്പോയിൽ നിന്ന് കൂടുതൽ സർവീസ് ആരംഭിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തിൽ മുടങ്ങിക്കിടന്ന രണ്ടു സർവീസുകൾ പുനരാരംഭിച്ചതുൾപ്പെടെ ഇന്നലെ കൂടുതലായി 12 സർവീസുകളാണ് നടത്തിയത്. ഇന്നലെ ചെങ്ങന്നൂർ ഡിപ്പോയിൽ നിന്ന് 36 സർവീസുകൾ കെ.എസ്.ആർ.ടി നടത്തി. ചെങ്ങന്നൂരിൽ നിന്നും കോഴഞ്ചേരി വഴി പത്തനംതിട്ട, ഭരണിക്കാവ്, കൊല്ലം, മാവേലിക്കര എന്നിവിടങ്ങളിലേക്കാണ് കൂടുതൽ സർവീസുകൾ നടത്തിയത്. ഇതോടെ കെ.എസ്.ആർ.ടി.സിക്ക് കഴിഞ്ഞ ദിവസങ്ങളിൽ കൂടുതൽ വരുമാനവർദ്ധനവ് ഉണ്ടായി. എന്നാൽ സ്വകാര്യ ബസുകൾ പണിമുടക്കിയതിനെ തുടർന്ന് ആദ്യദിനം ഗ്രാമീണ മേഖലയിലേക്ക് നടത്തിയ സർവീസുകളിൽ യാത്രക്കാർ കുറവായിരുന്നു. വരും ദിവസങ്ങളിൽ ഇതിന് മാറ്റമുണ്ടാകുമെന്നാണ് കെ.എസ്.ആർ.ടി.സി കണക്കുകൂട്ടുന്നത്. ബസ് സമരം കണക്കിലെടുത്ത് ജനങ്ങൾ അത്യാവശ്യമല്ലാത്ത യാത്ര ഒഴിവാക്കിയതാണ് തിരക്ക് കുറയാൻ കാരണം. ഉൾപ്രദേശങ്ങളായ ആലാ,തിരുവൻവïൂർ, പെണ്ണുക്കര തുടങ്ങിയ സ്ഥലങ്ങളിൽ ബസ് സർവീസ് മുടങ്ങിയത് വിദ്യാർത്ഥികളെയും ജോലിക്കാരെയും കാര്യമായി ബാധിച്ചു.കെ.എസ്.ആർ.ടി.സി കൂടുതൽ സർവീസ് ആരംഭിച്ചെങ്കിലും ഭൂരിപക്ഷം ഗ്രാമങ്ങളിലും യാത്രാക്ലേശം രൂക്ഷമായി തുടരുകയാണ്. മിനിമം ചാർജ് 12 രൂപയാക്കുക,വിദ്യാർത്ഥികളുടെ കൺസഷൻ ചാർജ് ആറു രൂപയാക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് ബസ് ഉടമകൾ പണിമുടക്കിയത്. ദിവസേന ആയിരം രൂപയോളം നഷ്ടം സഹിച്ചാണ് കൂടുതൽ സ്വകാര്യ ബസുകളും ഇപ്പോൾ സർവീസ് നടത്തുന്നതെന്ന് ബസുടമകൾ പറയുന്നത്. പ്രൈവറ്റ് ബസു ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ പ്രകടനം നടത്തി.
......................
സ്വകാര്യ ബസ് പണിമുടക്ക് പരിഗണിച്ച് ഗ്രാമപ്രദേശങ്ങളിലേക്ക് വരും ദിവസങ്ങളിൽ കൂടുതൽ സർവീസും കൂടുതൽ ട്രിപ്പുകളും നടത്തും. കഴിഞ്ഞ ദിവസങ്ങളിൽ കൂടുതൽ യാത്രക്കാർ എത്തിയ മേഖലകളിലേക്കാണ് അഡീഷണൽ ട്രിപ്പുകൾ നടത്തുന്നത്. ആദ്യ ദിനം ഗ്രാമീണമേഖലയിലേക്ക് നടത്തിയ സർവീസുകളിൽ യാത്രക്കാർ കുറവായിരുന്നെങ്കിലും ഇന്നലെ അതിന് മാറ്റം വന്നിട്ടുണ്ട്. ഗ്രാമീണ സർവീസുകൾക്കു പുറമേ ദീർഘദൂര സർവീസുകളും പതിവുപോലെ നടന്നു. ഞായറാഴ്ചകളിൽ വാഗമണ്ണിലേക്കാരംഭിച്ച സർവീസും മുടക്കമില്ലാതെ നടത്തും ബുക്കിംഗ് തുടരുന്നുണ്ട്.
അബ്ദുൾ നിസ്സാർ
(ചെങ്ങന്നൂർ എ.ടി.ഒ)
................
മൊത്തം 36 സർവീസ് നടത്തി
കൂടുതലായി 12 സർവീസ്