മല്ലപ്പള്ളി: കെ - റെയിൽ വിരുദ്ധ പൊതുജന സമരങ്ങൾക്ക് ഒപ്പം ബി.ജെ.പി നടത്തുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി ബി.ജെ.പി മല്ലപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രതിഷേധ പദയാത്ര ഇന്ന് ഉച്ചക്ക് 3 ന് കുന്നന്താനത്ത് നിന്നും ആരംഭിക്കും. ബി.ജെ.പി ദേശിയ വൈസ് പ്രസിഡന്റ് എ.പി അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്യുന്ന പദയാത്ര ജില്ലാ പ്രസിഡന്റ് വി.എ.സൂരജ് നയിക്കും. ജില്ലാ ജനറൽ സെക്രട്ടറി പ്രദീപ് അയിരൂരിന്റെ അദ്ധ്യക്ഷതയിൽ കുന്നന്താനം ജംഗ്ഷനിൽ ചേരുന്ന ഉദ്ഘാടന സഭയിൽ ദക്ഷിണ മേഖലാ പ്രസിഡന്റ് കെ.സോമൻ ആമുഖ പ്രഭാഷണം നടത്തും. അയ്യായിരത്തോളം പേർ പങ്കെടുക്കുന്ന പദയാത്രയ്ക്കായുള്ള തയാറെടുപ്പുകൾ പൂർത്തിയായതായി ജില്ലാ ജനറൽ സെക്രട്ടറി അറിയിച്ചു. നൂറിലധികം ബസുകളിലും വലിയ വാഹനങ്ങളിലും ചെറിയ സ്വകാര്യ വാഹനങ്ങളിലുമായി എത്തിച്ചേരുന്ന ബി.ജെ.പി പ്രവർത്തകർക്കൊപ്പം, പദ്ധതി നടപ്പിലാക്കുന്നതു മൂലം കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്ന പ്രദേശവാസികൾ, കെ - റെയിൽ സമരസമിതി നേതാക്കൾ, ബി.ജെ.പി ദേശീയ സംസ്ഥാന നേതാക്കൾ, പരിസ്ഥിതി പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും. കുന്നന്താനത്തു നിന്നും ആരംഭിച്ച് ഏലിയാസ് കവല, നടയ്ക്കൽ, ചെങ്ങരൂർ, കടുവാക്കുഴി, മടുക്കോലി കവല, മൂശാരിക്കവല, മല്ലപ്പള്ളി പഞ്ചായത്ത് ജംഗ്ഷൻ വഴി മല്ലപ്പള്ളി ടൗൺ ചുറ്റി പാലത്തിനു സമീപം തയാറാക്കിയിട്ടുള്ള സമാപന സമ്മേളന നഗറിൽ വൈകിട്ട് 5.30തോടെ സമാപിക്കും. തുടർന്ന് നടക്കുന്ന സമാപന സമ്മേളനം ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ.എസ്.സുരേഷ് ഉദ്ഘാടനം ചെയ്യും. ജില്ലാ വൈസ് പ്രസിഡന്റ് അജയകുമാർ വല്യുഴത്തിൽ അദ്ധ്യക്ഷനാകും. സംസ്ഥാന സെക്രട്ടറിമാരായ പന്തളം പ്രതാപൻ, രാജി പ്രസാദ്, ദേശീയ കൗൺസിൽ അംഗങ്ങളായ പ്രതാപചന്ദ്ര വർമ്മ, വി.എൻ.ഉണ്ണി, സ്റ്റേറ്റ് സെൽ കോർഡിനേറ്റർ അശോകൻ കുളനട, ന്യൂനപക്ഷ മോർച്ചസംസ്ഥന സമിതിയംഗം ബിജു മാത്യു, കെ - റെയിൽ വിരുദ്ധ സമിതി ജില്ലാ പ്രസിഡന്റ് അരുൺ ബാബു, കൺ വീനർ മുരുകേശ് തുടങ്ങിയവർ സംസാരിക്കും.