തിരുവല്ല: പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 ലെ ബഡ്‌ജറ്റിൽ കാർഷിക മേഖലയ്ക്ക് ഊന്നൽ നൽകി. 28.33കോടി രൂപ വരവും 28.15കോടി ചെലവും 18.11 നീക്കിബാക്കിയും പ്രതീക്ഷിക്കുന്ന ബഡ്‌ജറ്റ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ബിനിൽകുമാർ അവതരിപ്പിച്ചു. കേന്ദ്ര,സംസ്ഥാന സർക്കാരിന്റെയും ജില്ലാ പഞ്ചായത്തിന്റെയും സഹകരണത്തോടെ ബ്ലോക്ക് പരിധിയിലെ അഞ്ച് ഗ്രാമപഞ്ചായത്തുകളിലും നെൽകൃഷി വികസന പദ്ധതികൾക്ക് രണ്ടര കോടി വകയിരുത്തി. നെൽകൃഷി കൂടുതൽ സജീവമാക്കുക,ഭിന്നശേഷി സൗഹൃദ,വനിതാ-ശിശു, വയോജന സൗഹ്യദ ബ്ലോക്കാക്കി മാറ്റാൻ ബഡ്‌ജറ്റ് ലക്ഷ്യമിടുന്നു. ലൈഫ്/പി.എം.എ.വൈ ഭവനപദ്ധതികൾക്ക് 44.76 ലക്ഷം, പാലിയേറ്റീവ് പരിചരണ പദ്ധതിയ്ക്ക് 15 ലക്ഷം, പട്ടികജാതി കോളനികളുടെ സമഗ്രവികസനത്തിന് 45 ലക്ഷം, ഈ വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് പഠനമുറി നിർമ്മിക്കാൻ 20ലക്ഷം, സ്‌കോളർഷിപ്പ് നൽകാൻ 12 ലക്ഷം രൂപയും ബഡ്ജറ്റിൽ വകയിരുത്തി. കുടുംബശ്രീ വനിതകൾക്ക് ആടുവളർത്തൽ പദ്ധതിയ്ക്ക് 5 ലക്ഷം,അഞ്ച് പഞ്ചായത്തുകളിലും ഡയറിഫാം സ്ഥാപിക്കുന്നതിന് 5ലക്ഷവും പ്രളയത്തെ അതിജീവിക്കുന്ന എലിവേറ്റഡ് ക്യാറ്റിൽ ഷെഡുകളുടെ നിർമ്മാണത്തിന് 25ലക്ഷവും ചെലവഴിക്കും. വയോജന ക്ലബ്ബുകളുടെ പുനരുജ്ജീവനത്തിന് 5ലക്ഷം, ഭിന്നശേഷിക്കാരുടെ ഉന്നമനത്തിന് 10ലക്ഷം,എല്ലാ ഗ്രാമപഞ്ചായത്തിലും ഒരു അങ്കണവാടി സ്മാർട്ടാക്കാൻ 50 ലക്ഷം,വനിതാ സംരംഭകത്വ പദ്ധതിയ്ക്ക് 6 ലക്ഷം രൂപയും വകയിരുത്തി. സ്വയം സംരംഭക പാർക്കും വർക്ക് സ്‌പേസും നിർമ്മിക്കാൻ 6 ലക്ഷം, 5 പഞ്ചായത്തുകളിലും ജില്ലാ സ്‌പോർട്‌സ് കൗൺസിലുമായി ചേർന്ന് കളിസ്ഥലം സ്ഥാപിക്കാൻ 10ലക്ഷവും ചെലവിടും.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ ചന്ദ്രലേഖ അദ്ധ്യക്ഷത വഹിച്ചു.
പുളിക്കീഴ് ബ്രാൻഡ് ശർക്കര
പുളിക്കീഴ് ബ്രാൻഡ് നാമത്തിൽ കരിമ്പിൽ നിന്ന് ശർക്കര ഉത്പാദിപ്പിച്ച് വിപണനം നടത്തുന്ന പദ്ധതി പ്രഖ്യാപിച്ചു. ഡിമാൻഡ് ഏറെയുള്ള ശർക്കര ഉത്പ്പാദിപ്പിച്ച് വിപണനം ചെയ്യുന്ന പദ്ധതിക്ക് 18ലക്ഷം രൂപയും വകയിരുത്തി. ബ്ലോക്ക് പരിധിയിലെ എല്ലാ സർക്കാർ,എയ്ഡഡ് സ്‌കൂളുകളിലും ഇൻസിനറേറ്ററുകൾ സ്ഥാപിക്കുന്നതിന് 4 ലക്ഷം നീക്കിവച്ചു. മിതമായ നിരക്കിൽ ശുദ്ധജലം ലഭ്യമാക്കാൻ ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിൽ വാട്ടർ എ.ടി.എം സ്ഥാപിക്കുന്നതിന് 5.5 ലക്ഷം രൂപ വകയിരുത്തി.