പത്തനംതിട്ട: സ്വകാര്യ ബസ് പണിമുടക്കിൽ രണ്ടാംദിവസവും ജനങ്ങൾ വലഞ്ഞു . വിദ്യാർത്ഥികളടക്കമുള്ള നൂറുകണക്കിന് യാത്രക്കാരാണ് ഇന്നലെയും ദുരിതം അനുഭവിച്ചത്. കെ. എസ് .ആർ .ടി. സി അധിക സർവീസ് നടത്തിയെങ്കിലും യാത്രാക്ലേശം പരിഹരിക്കാനായില്ല. ഉൾപ്രദേശങ്ങളിലാണ് യാത്രാ പ്രശ്നം രൂക്ഷമായത്. പത്തനംതിട്ട- ചെങ്ങന്നൂർ, പത്തനംതിട്ട -പുനലൂർ, പത്തനംതിട്ട -തിരുവല്ല, പത്തനംതിട്ട -തട്ട, അടൂർ റൂട്ടുകളിൽ മാത്രമാണ് കെ. എസ് .ആർ. ടി. സി അധിക ട്രിപ്പുകൾ ഓടിച്ചത്. എന്നാൽ സ്വകാര്യ ബസുകൾ മാത്രമുള്ള റൂട്ടുകളിൽ സർവീസ് നടത്തിയില്ല. സ്വകാര്യ ബസ് മാത്രമുള്ള പത്തനംതിട്ട-കൊടുമൺ-ഏഴംകുളം റൂട്ടിൽ ജനങ്ങൾ ഏറെ വിഷമിച്ചു .മലയോര മേഖലകളായ കോന്നി , തണ്ണിത്തോട്,ചിറ്റാർ ,സീതത്തോട് മേഖലകളിലും ജനങ്ങൾ ദുരിതമനുഭവിച്ചു. റാന്നി -അത്തിക്കയം, കുടമുരുട്ടി., വടശേരിക്കര മേഖലകളിലും സ്വകാര്യ ബസുകളാണ് ആശ്രയം. പത്തനംതിട്ട -വി. കോട്ടയം, ,പത്തനംതിട്ട- കടമ്മനിട്ട റൂട്ടുകളിൽ ആളുകൾ മറ്റ് വാഹനങ്ങളെ ആശ്രയിച്ചാണ് യാത്ര ചെയ്തത് . പല സ്ഥലത്തും സ്കൂൾ, കോളേജ് വിദ്യാർത്ഥികൾ സമയത്ത് എത്താൻ കഴിയാതെ വിഷമിക്കുന്നത് കാണാമായിരുന്നു. പരീക്ഷാ സമയം കൂടിയായതിനാൽ കുട്ടികൾ നന്നേ വിഷമിക്കുകയും ചെയ്തു. നാലും അഞ്ചും വിദ്യാർത്ഥികൾ ചേർന്ന് ഓട്ടോ വിളിച്ചും സ്കൂളൂകളിൽ എത്തി. ഓട്ടോ റിക്ഷകൾ ഇരട്ടി ചാർജ് വാങ്ങുന്നതായും പരാതികൾ ഉയരുന്നുണ്ട്. കെ. എസ്.ആർ. ടി .സി ഡിപ്പോകളിൽ ഇന്നലെ വൈകിട്ടും വലിയതിരക്കാണ് അനുഭവപ്പെട്ടത്.